/sathyam/media/post_attachments/u2XGd4s9gpfhEIWUOcI1.jpg)
അവശ്യ ഘട്ടങ്ങളിൽ ഓൺലൈനിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ഒട്ടനവധി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ ഇന്ന് ലഭ്യമാണ്. അതിനാൽ, ഉപഭോക്താക്കളെ ആകർഷിക്കാനായി ഇത്തരം പ്ലാറ്റ്ഫോമുകൾ ഒട്ടനവധി ഓഫറുകളും വാഗ്ദാനം ചെയ്യാറുണ്ട്.
പലപ്പോഴും ആകർഷകമായ ഓഫറുകളെ കുറിച്ച് കേൾക്കുമ്പോൾ മിക്ക ആളുകളും സൈബർ ലോകത്തെ തട്ടിപ്പുകളെ കുറിച്ച് മറന്നു പോകാറുണ്ട്. ഇത്തരത്തിലൊരു ഓഫറിൽ വീണുപോയ ഡൽഹി സ്വദേശിയായ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയാണ്. ‘ഒരു താലി മീൽസ് വാങ്ങിയാൽ മറ്റൊന്ന് ഫ്രീ’ എന്ന് പരസ്യമാണ് യുവതിയെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.
ഫേസ്ബുക്കിൽ കണ്ട സൗജന്യ ഭക്ഷണ വിതരണ ഓഫറിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് ഡൽഹിയിലെ സവിതാ ശർമ എന്ന 40- കാരിക്ക് 90,000 രൂപ ഒറ്റയടിക്ക് നഷ്ടമായത്. ബന്ധു മുഖേന അറിഞ്ഞ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ ഫേസ്ബുക്കിൽ ലഭ്യമായ ലിങ്ക് സന്ദർശിച്ചതോടെയാണ് സൈബർ കുരുക്കിൽ അകപ്പെട്ടത്.
കൂടാതെ, വെബ്സൈറ്റിൽ നൽകിയ നമ്പറുമായി യുവതി ബന്ധപ്പെട്ടിരുന്നു. നമ്പറിൽ നിന്ന് ആദ്യം പ്രതികരണം ലഭിച്ചില്ലെങ്കിലും, അൽപ സമയത്തിനുശേഷം തിരിച്ചു വിളിക്കുകയായിരുന്നു. ഓഫർ ലഭിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് യുവതിയോട് ആവശ്യപ്പെട്ടത്.
രണ്ട് താലി മിൽസ് ഒരുമിച്ച് ലഭിക്കാൻ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ നൽകിയതോടെയുമാണ് വെട്ടിലായത്. ആപ്പിൽ രജിസ്റ്റർ ചെയ്തയുടൻ യുവതിയുടെ ഫോൺ ഹാക്ക് ആവുകയും, ബാങ്കിൽ നിന്ന് തുക നഷ്ടപ്പെടുകയുമായിരുന്നു. ആദ്യം 40,000 രൂപയും, പിന്നീട് 50,000 രൂപയുമാണ് അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ടത്. അറിയപ്പെടുന്ന റസ്റ്റോറന്റുകളുടെ പേരിൽ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.