/sathyam/media/post_attachments/kCMkAHmMlQlDONGY8Wgv.jpg)
കുറഞ്ഞ കാലയളവ് കൊണ്ട് ടെക് ലോകത്ത് ശ്രദ്ധേയമായ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ഒട്ടനവധി സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ചാറ്റ്ജിപിടിയുടെ പേരിലും വ്യാജന്മാർ എത്തിയിരിക്കുകയാണ്. ചാറ്റ്ജിപിടിക്ക് സമാനമായ ഫീച്ചറുകളാണ് ഇത്തരം വ്യാജ ആപ്പുകൾ വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ, വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഡിവൈസിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണി ഉയർത്തിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അപകടകാരിയായ വ്യാജ ചാറ്റ്ജിപിടി ആപ്പുകൾ ഏതൊക്കെയെന്ന് തിരിച്ചറിയാം.
ഓപ്പൺ ചാറ്റ്ജിപിടി- എഐ ചാറ്റ്ബോട്ട് ആപ്പ്
ചാറ്റ്ജിപിടി ഉപയോഗിക്കുന്ന അതേ ലോഗോ ഉപയോഗിച്ചാണ് ഈ വ്യാജ ആപ്പും പ്ലേ സ്റ്റോറിൽ ഇടം നേടിയിരിക്കുന്നത്. ഒട്ടനവധി പരസ്യങ്ങൾ ഈ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ഈ ആപ്പ് ഉപയോഗിക്കുന്നതിന് സബ്സ്ക്രിപ്ഷൻ എടുക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.
എഐ ചാറ്റ്ബോട്ട്- ആസ്ക് എഐ അസിസ്റ്റന്റ്
മൂന്ന് ദിവസത്തെ സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന വ്യാജ ആപ്പാണിത്. സൗജന്യ സേവനം അവസാനിച്ചാൽ പണം ആവശ്യപ്പെടുന്ന രീതിയിലാണ് പ്രവർത്തനം. മറ്റു വ്യാജ ആപ്പുകളെ പോലെ ഇവയിലും പരസ്യങ്ങൾക്കാണ് മുൻതൂക്കം.
എഐ ചാറ്റ്ജിപിടി- ഓപ്പൺ ചാറ്റ്ബോട്ട് ആപ്പ്
ചാറ്റ്ജിപിടിയെ പോലെ ഉത്തരം നൽകാനാണ് ഈ ആപ്പ് ശ്രമിക്കുന്നത്. പരമാവധി നാല് തവണ ആപ്പിന്റെ സൗജന്യ പതിപ്പ് ഉപയോഗിക്കാൻ സാധിക്കും. അതിനുശേഷം അംഗത്വം എടുക്കാനോ, സൗജന്യ ട്രയലിനായി പണം അടയ്ക്കാനോ ആവശ്യപ്പെടുന്നു.