ടെലികോം സേവന രംഗത്ത് വമ്പൻ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി റിലയൻസും ജിയോയും മോട്ടറോളയും. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോയുടെ നൂതന സ്റ്റാൻഡ്- അലോൺ 5ജി സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കാൻ പദ്ധതിയിടുന്നുണ്ട്.
പുതിയ സഹകരണത്തിന്റെ ഭാഗമായി മോട്ടോറോള സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, 5ജി ഉപകരണങ്ങളുടെ വില നിലവാരം പരിഗണിക്കാതെ തന്നെ, മോട്ടോറോളയുടെ എല്ലാ സ്മാർട്ട്ഫോണുകളിലും 5ജി സേവനം ലഭ്യമാക്കുന്നുണ്ട്. മോട്ടോറോളക്ക് പുറമേ, വൺപ്ലസിന്‍റെ 5ജി സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റുകളിൽ 5ജി കണക്ടിവിറ്റി ഇതിനോടകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
രാജ്യത്ത് റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് വിവിധ നഗരങ്ങളിലായി 5ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് 5ജി സേവനം നൽകിയിരുന്നത്. നിലവിൽ, രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് 5ജി സേവനം ആസ്വദിക്കാൻ സാധിക്കും.