/sathyam/media/post_attachments/Rk55xzDmFbVVlPrGN87H.jpg)
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ‘ബ്രോഡ്കാസ്റ്റിംഗ് ചാറ്റ് ഫീച്ചർ’ ആയ ‘ചാനൽ’ ആരംഭിക്കാനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത്.
ടെലഗ്രാമിന് സമാനമായ ഫീച്ചറായതിനാൽ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ നടത്തുന്നുണ്ട്. പുതിയ ഫീച്ചർ എത്തുന്നതോടെ, ക്രിയേറ്റേഴ്സിന് അവരെ ഫോളോ ചെയ്യുന്നവർക്ക് പ്രധാനപ്പെട്ട അപ്ഡേറ്റുകളും വാർത്തകളും അനായാസമായി പങ്കിടാൻ ബ്രോഡ്കാസ്റ്റ് ചാനലുകൾ വഴി സാധിക്കും.
മെറ്റയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുന്ന മെറ്റ ബ്രോഡ്കാസ്റ്റ് ചാനലിനും രൂപം നൽകാൻ സാധ്യതയുണ്ട്. മെറ്റ പ്രോഡക്ടുകളെ കുറിച്ചുള്ള വിവരങ്ങളായിരിക്കും ഈ ചാനലിലൂടെ അറിയിക്കുക.
ബ്രോഡ്കാസ്റ്റ് ചാനലുകളിൽ ഉപഭോക്താക്കൾക്ക് ടെക്സ്റ്റുകൾ, വീഡിയോകൾ, വോയിസ് നോട്ടുകൾ, ഫോട്ടോകൾ എന്നിവ പങ്കുവെക്കാൻ സാധിക്കുന്നതാണ്. ഇൻസ്റ്റഗ്രാമിന് പുറമേ, മെസഞ്ചറിലും ഈ ഫീച്ചർ മെറ്റ പരീക്ഷിക്കുന്നുണ്ട്.