വീട്ടിൽ നിന്നും മാറി താമസിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഊൺ. റെസ്റ്റോറന്റുകളിൽ വിവിധ വിഭവങ്ങൾ അടങ്ങിയ ഊൺ ലഭ്യമാണെങ്കിലും വീട്ടിലെ കൈപ്പുണ്യത്തിന് പ്രത്യേക രുചിയാണ്. അത്തരത്തിൽ വീട്ടിലെ ഊണിന്റെ രുചിയുമായി കസ്റ്റമേഴ്സിന് മുന്നിൽ എത്തുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ.
‘സൊമാറ്റോ എവരിഡേ’ എന്ന പേരിൽ രുചികരമായ ഊൺ ഡെലിവർ ചെയ്യാനാണ് പദ്ധതി. മിതമായ നിരക്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഊൺ എത്തിക്കാനാണ് സൊമാറ്റോ എവരിഡേ ലക്ഷ്യമിടുന്നത്. രുചിയും ഗുണനിലവാരവും മെച്ചപ്പെടുത്താൻ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.
ആദ്യ ഘട്ടത്തിൽ ഗുഡ്ഗാവിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് സൊമാറ്റോ എവരിഡേ സർവീസ് ലഭ്യമാക്കുക. തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കും ഈ പദ്ധതി നടപ്പാക്കും. വിഭവ സമൃദ്ധമായ ഊണിന് 89 രൂപയാണ് നിരക്ക്. ഓർഡർ ചെയ്ത് 10 മിനിറ്റിനകം കസ്റ്റമേഴ്സിന്റെ കൈകളിൽ ഊൺ എത്തുന്നതാണ്.