യുപിഐ പേയ്മെന്റ് നടത്തുമ്പോൾ തടസം നേരിടാറുണ്ടോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വിവിധ ആവശ്യങ്ങൾക്കായി യുപിഐ ഇടപാടുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. പണം കയ്യിൽ സൂക്ഷിക്കുന്നതിനു പകരം, യുപിഐ പേയ്മെന്റുകളെയാണ് പല ഘട്ടങ്ങളിലും ആശ്രയിക്കാനുള്ളത്. എന്നാൽ, ചില സമയത്ത് യുപിഐ ഇടപാടുകൾ പരാജയപ്പെടുന്നത് വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. കൃത്യമായ രീതിയിൽ യുപിഐ ഇടപാടുകൾ പൂർത്തീകരിക്കാൻ കഴിയാത്തതിന് പിന്നിൽ പലവിധ കാരണങ്ങളുണ്ട്. പേയ്മെന്റുകൾ കൃത്യമായി പൂർത്തിയാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

പ്രതിദിന യുപിഐ പേയ്മെന്റ് പരിധി മനസിലാക്കി വയ്ക്കുക

യുപിഐ ഇടപാടുകളുടെ പ്രതിദിന എണ്ണം മിക്ക ബാങ്കുകളും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു യുപിഐ ഇടപാടിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. അതിനാൽ, യുപിഐ ഉപയോഗിക്കുന്നവർ പ്രതിദിന പരിധിയെ കുറിച്ച് അറിഞ്ഞിരിക്കുക.

യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്കുകൾ ലിങ്ക് ചെയ്യുക

ബാങ്കുകളുടെ സെർവറുകൾക്ക് പ്രശ്നം സംഭവിക്കുമ്പോൾ യുപിഐ പേയ്മെന്റുകൾ തടസപ്പെടുന്നത് സാധാരണയാണ്. ഈ പ്രശ്നം ഒഴിവാക്കാൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്യുന്നത് നല്ലതാണ്.

പണം ലഭിക്കേണ്ട വ്യക്തിയുടെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക

യുപിഐ മുഖാന്തരം പണം അയക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തെറ്റായ വിവരങ്ങൾ എന്റർ ചെയ്താൽ ഇടപാടുകൾ പരാജയപ്പെടും.

കൃത്യമായ യുപിഐ പിൻ നൽകുക

ഇടപാട് നടത്തുന്ന വേളയിൽ യുപിഐ പിൻ കൃത്യമായി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. പിൻ നമ്പർ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയുകയില്ല. അതേസമയം, പിൻ നമ്പർ മറന്നു പോവുകയാണെങ്കിൽ Forgot Pin എന്ന ഓപ്ഷൻ ഉപയോഗിച്ച് പുതിയ പിൻ നമ്പർ സെറ്റ് ചെയ്യാവുന്നതാണ്.

യുപിഐ ലൈറ്റ് സേവനം പ്രയോജനപ്പെടുത്തുക

ചെറിയ ഇടപാടുകളാണ് നടത്തുന്നതെങ്കിൽ യുപിഐ ലൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. കുറഞ്ഞ തുകയ്ക്കുള്ള ഇടപാടുകൾക്കാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ഇതിലൂടെ പിൻ നമ്പർ എന്റർ ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും നടത്താൻ സാധിക്കും.

Advertisment