ചൈനയിലെ ആപ്പിളിന് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ തൊഴിലാളി കലാപം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഷാങ്ഹായി: ആപ്പിള്‍ കമ്പനിക്ക് മാക് കപ്യൂട്ടറിന്‍റെ ഉപകരണങ്ങള്‍ എത്തിക്കുന്ന ഷാങ്ഹായിലെ ഫാക്ടറിയില്‍ തൊഴിലാളികളുടെ വന്‍ പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്. പൂട്ടിയിട്ടിരിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ് മാസങ്ങളായി നീളുന്ന ലോക്ക്ഡൗണിനെതിരെ തമാസസ്ഥലത്ത് ആക്രമണം നടത്തിയത് എന്നാണ് പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് അടക്കം മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Advertisment

തായ്‌വാൻ ആസ്ഥാനമായുള്ള ക്വാണ്ട കമ്പ്യൂട്ടറിന്‍റെ ഷാങ്ഹായിലെ ഒരു ഫാക്ടറിയിൽ മാക്ബുക്കുകളും മറ്റ് കമ്പ്യൂട്ടറുകളുമാണ് നിര്‍മ്മിക്കുന്നത്. ഏപ്രിലില്‍ ഷാങ്ഹായില്‍ കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവര്‍ ഫാക്ടറി ജീവനക്കാരെ അന്നുമുതൽ ഒരു ഹൗസിംഗ് സമുച്ചയത്തില്‍ അടച്ച് വച്ചിരിക്കുകയായിരുന്നു. ബയോ ബബിള്‍ എന്ന നിലയിലാണ് ഇതെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഒരു മാസത്തിലേറെയായി നീളുന്ന ഈ തടവിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തൊഴിലാളികളെ തടവില്‍ എന്ന പോലെ പാര്‍പ്പിക്കുകയും, ശമ്പളം മുടങ്ങുന്നതുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നൂറുകണക്കിന് ജീവനക്കാര്‍ ഗാര്‍ഡുകളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭിക്കില്ലെന്ന ആശങ്കയില്‍ തുടങ്ങിയ പ്രക്ഷോഭം വന്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങിയത്.

ഗാര്‍ഡുകള്‍ തീര്‍ത്ത സുരക്ഷ സംവിധാനങ്ങള്‍ തൊഴിലാളികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞയാഴ്ച അവസാനം ക്വാണ്ടയിലെ ഒരു കൂട്ടം ജോലിക്കാര്‍ തങ്ങളുടെ തയ്‌വാന്‍കാരായ മാനേജര്‍മാരുടെ പൊതുവിശ്രമമുറി ആക്രമിച്ചെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ലോക്ഡൗണ്‍ നീട്ടരുതെന്നും വേതനം കൂട്ടണമെന്നുമായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ. സംഘര്‍ഷാവസ്ഥ മണിക്കൂറുകളോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

ചില തായ്‌വാനീസ് മനേജര്‍മാര്‍ പ്രതിരോധത്തിനായി കുടകൾ പിടിച്ചിരുന്നുവെന്നും, പ്രതിഷേധക്കാർ അതെല്ലാം മറികടന്ന് ആക്രമണം നടത്തിയെന്നുമാണ് ചൈനീസ് ഭാഷയിലുള്ള തായ്‌വാനീസ് പത്രമായ ചൈന ടൈംസ് പറയുന്നു. കുറഞ്ഞകൂലി വാങ്ങുന്ന ജീവനക്കാരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന.

അതേ സമയം ലോക്ക്ഡൗണില്‍ ഉലയുന്ന ചൈനയുടെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളില്‍ ഒന്നായ ഷാങ്ഹായിൽ ജീവിതം തകിടംമറിഞ്ഞ 25 ദശലക്ഷത്തോളം തൊഴിലാളികളുടെ പൊതുവികാരമാണ് ഈ സംഭവം കാണിച്ചുതരുന്നത് എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. ‘‘നിയന്ത്രണങ്ങള്‍കൊണ്ട് ആളുകള്‍ക്കു പൊറുതിമുട്ടി. അതു സ്വാഭാവികമാണ്. കാരണം ലോക്ഡൗണ്‍ എന്നു തീരും എന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല’’– എന്നാണ് ഒരു ജോലിക്കാരന്‍ പ്രതികരിച്ചത്.

പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ക്വാണ്ടയോ ആപ്പിള്‍ അധികാരികളോ തയാറായില്ല. തങ്ങള്‍ ഷാങ്ഹായിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇത് സർക്കാർ നിയന്ത്രണങ്ങള്‍ പാലിക്കാനാണ് എന്നുമാണ് ക്വാണ്ട പറഞ്ഞിരിക്കുന്നത്.

Advertisment