ഐഫോൺ നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ടാറ്റ. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ തായ്‌വാനിലെ വിതരണക്കാരുമായാണ് ടാറ്റ ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ചത്. ഇന്ത്യയിലെ കമ്പനിയായ ടാറ്റയുടെ വരുമാനം ഏകദേശം 128 ബില്യൺ ഡോളറാണ്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഐഫോൺ വിതരണം കൂടുതൽ സുഗമമാക്കാൻ ഇന്ത്യയിൽ ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം സ്ഥാപിക്കുക എന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ചർച്ചകൾ നടത്തിയത്.
നിലവിൽ, തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്ട്രോൺ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. 2017 മുതലാണ് കർണാടകയിലെ പ്ലാന്റിൽ ഐഫോൺ നിർമ്മാണം ആരംഭിച്ചത്. തായ്‌വാനുമായി നടത്തിയ പുതിയ ചർച്ചകൾ വിജയിക്കുന്നതോടെ, ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം ടാറ്റയ്ക്ക് സ്വന്തമാകും.
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിക്കുന്നതോടെ, ഏറ്റവും കൂടുതൽ തിരിച്ചടി നേടുന്ന രാജ്യം ചൈനയാണ്. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണുകളും യുഎസുമായി ഉള്ള രാഷ്ട്രീയ സംഘർഷങ്ങളും കാരണം ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ചൈന നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.