ആപ്പിള്‍ ഐഫോണ്‍ അടുത്ത തവണ വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എന്ന് പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ 14 ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഐഫോണ്‍ സംബന്ധിച്ച അടുത്ത വാർത്തയാണ് ഇത്. അടുത്ത ഐഫോണില്‍ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് വിവരം.
ആപ്പിൾ ട്രാക്കർ മാർക്ക് ഗുർമാനാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. യുഎസ്‌ബി-സി (സി-ടൈപ്പ്) ചാർജിംഗ് പോർട്ടിന് പകരം ആപ്പിള്‍ ചാര്‍ജര്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ലൈഗന്റിംഗ് പോർട്ടാണ് തങ്ങളുടെ ഐഫോൺ ചാർജ് ചെയ്യുന്നതിനായി ആപ്പിള്‍ ഐഫോണിന് നല്‍കുന്നത്. ഇത് വലിയ ബുദ്ധിമുട്ടാക്കുന്നുവെന്ന് അടുത്തകാലത്ത് ഐഫോണ്‍ പ്രേമികള്‍ തന്നെ പരാതിപ്പെടുന്നുണ്ട്.
ഇത്തരം ഒരു അവസ്ഥയില്‍ കൂടിയാണ് ആപ്പിള്‍ പുതിയ ചിന്തയിലേക്ക് നീങ്ങുന്നത് എന്നാണ് വിവരം. ഐഫോണ്‍ കൂടി സി-ടൈപ്പിലേക്ക് മാറിയാല്‍ ലോകമെമ്പാടുമുള്ള ഫോണുകള്‍ ഏകീകൃത ചാർജിംഗ് പോർട്ട് എന്ന രീതിയിലേക്ക് മാറും.
2024-ഓടെ എല്ലാ പുതിയ ഫോണുകളിലും യുഎസ്ബി-സി പോർട്ടുകൾ വേണമെന്ന യൂറോപ്യൻ യൂണിയന്റെ പുതിയ നിയമവും ആപ്പിളിന് മുകളില്‍ സമ്മര്‍ദ്ദമായി നിലവിലുണ്ട്. ഇത്കൂടി മുന്നില്‍ കണ്ട് പുതിയ യുഎസ്ബി-സി ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.