സോഷ്യൽ മീഡിയകൾ കൈകാര്യം ചെയ്യുന്നവരാണ് ഇന്ന് നമ്മളിൽ പലരും. ഇത്തരം സോഷ്യൽ മീഡിയ ഉപയോക്താക്കളെ വീഴ്ത്താൻ ഒട്ടനവധി ചതിക്കുഴികൾ സൈബർ ലോകത്ത് ഒളിഞ്ഞിരുപ്പുണ്ട്. സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്താൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പാസ്‌വേഡുകൾ നിർബന്ധമാണ്.
എന്നാൽ, പാസ്‌വേഡുകളിലെ അപാകതകൾ പലപ്പോഴും അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിലേക്ക് നയിക്കും. നോട്ട് പാസ് എന്ന കമ്പനി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നമ്മളിൽ പലരും ഉപയോഗിക്കുന്ന 200 പാസ്‌വേഡുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് തെളിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഉപഭോക്താക്കളുടെ 4ടിബി ഡാറ്റാബേസ് ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം തെളിഞ്ഞത്.
ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ഒന്നാണ് 123456. കൂടാതെ, പലരും ഇഷ്ടമുള്ള സ്പോർട്സ് ടീം, കായിക താരങ്ങൾ, വിവിധ ബ്രാൻഡുകൾ എന്നിവ പാസ്‌വേഡിനോടൊപ്പം ചേർക്കാറുണ്ട്. ഈ പ്രവണതയും അക്കൗണ്ടുകൾ ഹാക്ക് ആകുന്നതിലേക്ക് നയിക്കും. വിവിധ അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ശീലവും അത്ര നല്ലതല്ല എന്നാണ് നോർഡ് പാസ് കണ്ടെത്തിയിരിക്കുന്നത്.
പരമാവധി ശക്തമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കാനാണ് സൈബർ വിദഗ്ധർ പലപ്പോഴും നിർദ്ദേശിക്കുന്നത്. സ്വന്തം പേര്, കമ്പനിയുടെ പേര്, വിളിപ്പേര് എന്നിവ ഉൾപ്പെടാതെയുളള എട്ട് അക്ക പാസ്‌വേഡുകൾ നൽകുക. ഇതിൽ അപ്പർ കേസ്, ലോവർ കേസ്, ഡിജിറ്റ്, ആൽഫ- ന്യൂമറിക് ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.