ദീർഘ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇടാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, നവംബർ മാസത്തോടെ 4ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, അടുത്ത 18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകളാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. അതേസമയം, അടുത്ത വർഷം ഓഗസ്റ്റോടെ 5ജി സേവനം ഉറപ്പുവരുത്താനും ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഓഗസ്റ്റ് മാസത്തോടെ 4ജിയുടെ ട്രയൽ റണ്ണുകൾ ബിഎസ്എൻഎൽ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ പ്രധാനമായും നാല് നഗരങ്ങളിലാണ് ട്രയൽ റൺ ആരംഭിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ട്രയൽ റൺ നടത്തിയത്.
നിലവിൽ, ടാറ്റ കൺസൾട്ടൻസി സർവീസിന്റെ സഹകരണത്തോടെയാണ് 4ജി അവതരിപ്പിക്കുന്നത്. മുൻപ് ചൈനീസ് വിതരണക്കാരുമായി ടെൻഡർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാറിന്റെ എതിർപ്പിനെ തുടർന്ന് ഈ നീക്കം പിൻവലിക്കുകയും, ടിസിഎസിന്റെ സഹായം തേടുകയുമായിരുന്നു.