ഇന്ന് പലരും ജിബി വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ, ജിബി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ ഇഎസ്ഇടി. മാൽവെയറുകൾ നിറഞ്ഞ ഇത്തരം ആപ്പുകൾ ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ ചാരപ്പണി നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, മുന്നറിയിപ്പ് നൽകിയിട്ടും ജിബി വാട്സ്ആപ്പ് തുടർന്നും ഉപയോഗിക്കുകയാണെങ്കിൽ, വാട്സ്ആപ്പ് ആക്സസ് ചെയ്യുന്നതിൽ നിന്നും നിരോധനം ഏർപ്പെടുത്തും. സുരക്ഷാ പരിശോധനകൾ നടത്താതെയാണ് മാൽവെയറുകൾ നിറഞ്ഞ ജിബി വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ മറ്റ് ആപ്പ് ലൈബ്രറികളിലും മിക്ക വെബ്സൈറ്റുകളിലും ഹോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, മാൽവെയറും ഫോണിലേക്ക് പ്രവേശിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്യും. നിലവിൽ, വാട്സാപ്പിന്റെ ക്ലോൺ ചെയ്ത ആപ്പായ ജിബി വാട്സ്ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. ഇവ വെബ്സൈറ്റ് മുഖാന്തരം മാത്രമാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. പരമാവധി ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്നുളള ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.