ട്വിറ്ററിനെ ഏറ്റെടുത്ത ലോക കോടീശ്വരൻ ഇലോൺ മസ്ക്, കമ്പനിയുടെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെ നാലു പ്രമുഖരെ പുറത്താക്കി. ലീഗൽ എക്സിക്യൂട്ടിവ് വിജയ ഗഡ്ഡെ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ നെഡ് സെഗൽ, ജനറൽ കോൺസൽ സീൻ എഡ്ഗറ്റ് എന്നിവരാണു രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ അഗർവാളിനൊപ്പം പുറത്തായത്.
സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് എൻജിനീയർമാരടക്കം മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട മസ്ക്, "കിളിയെ മോചിപ്പിച്ചു' എന്നു ട്വീറ്റ് ചെയ്തു. വ്യക്തികളുടെ അക്കൗണ്ടുകൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതടക്കം നയങ്ങളിൽ പുനരാലോചനയുണ്ടായേക്കുമെന്നാണു മസ്കിന്റെ ട്വീറ്റിലെ സൂചനയെന്നു കരുതുന്നു.
ഏറ്റെടുക്കലിൽ നിന്നു പലപ്പോഴായി മസ്ക് പിന്തിരിയാന് ശ്രമിച്ചപ്പോൾ ഇതു നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടി ട്വിറ്ററിനുവേണ്ടി കോടതിയെ സമീപിച്ചത് സിഇഒ അഗർവാളായിരുന്നു. ഇരുവരും തമ്മിൽ പരസ്യവും രഹസ്യവുമായി തർക്കങ്ങളുമുണ്ടായിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തിൽ തന്നെ അഗർവാൾ തെറ്റിദ്ധരിപ്പിച്ചെന്ന് മസ്ക് പരസ്യമായി ആരോപിച്ചിരുന്നു.
ക്യാപ്പിറ്റോൾ സംഘർഷത്തെത്തുടർന്നു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി പൂട്ടിയത് ഇന്ത്യയിൽ ജനിച്ച വിജയ ഗഡ്ഡെയുടെ ഇടപെടലിനെത്തുടർന്നായിരുന്നു. ട്വിറ്ററിന്റെ സഹ സ്ഥാപകൻ ജാക്ക് ഡോർസി 2021 നവംബറിൽ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 38കാരനായ അഗർവാൾ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്.
പുറത്താക്കപ്പെടുന്ന അഗർവാളിന് പുതിയ ഡീലിന്റെ ഭാഗമായി 42 മില്യൺ ഡോളർ (ഏകദേശം 350 കോടി രൂപ) ലഭിക്കുമെന്നാണ് വിവരം. 2012ൽ ട്വിറ്ററിൽ 1000ൽ താഴെ ജീവനക്കാർ മാത്രമുള്ളപ്പോഴാണ് അഗർവാൾ സ്ഥാപനത്തിലെത്തുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റർ ഏറ്റെടുക്കാൻ മസ്ക് കരാർ ഒപ്പുവച്ചത്. പിന്നീട് ഇതിൽ നിന്നു പിന്തിരിഞ്ഞെങ്കിലും കരാർ അവസാനിക്കാറായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു.
മസ്ക് ഏറ്റെടുത്തതോടെ സ്ഥാപനത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടിയുണ്ടായേക്കുമെന്നാണു കരുതുന്നത്. ട്വിറ്ററിനെ മസ്ക് ഏറ്റെടുത്തത് ഇന്ത്യയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ചലച്ചിത്രകാരന്മാരായ അശോക് പണ്ഡിറ്റ്, വിവേക് അഗ്നിഹോത്രി, നടി കങ്കണ റണാവത്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷെഫാലി വൈദ്യ തുടങ്ങിയവർ മസ്കിനെ അനുകൂലിച്ചു.
ഇന്ത്യയിലെ അർബൻ നക്സലുകൾ ഇനി ആശങ്കപ്പെടേണ്ടിവരുമെന്നാണ് പണ്ഡിറ്റ് പ്രതികരിച്ചത്. അതേസമയം, വലതുപക്ഷ തീവ്രശക്തികളെ സൂക്ഷിക്കണമെന്നു മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ, മാധ്യമപ്രവർത്തക സ്വാതി ചതുർവേദി, തമിഴ്നാട് കോൺഗ്രസ് നേതാവ് കെ.ടി. ലക്ഷ്മികാന്തൻ തുടങ്ങിയവർ പറഞ്ഞു.