ഉത്സവ സീസൺ ആഘോഷമാക്കി മാറ്റിയതോടെ ഇന്ത്യൻ വിപണിയിൽ നിന്നും കോടികളുടെ വിറ്റുവരവ് നേടി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. കണക്കുകൾ പ്രകാരം, സെപ്തംബറിനും ഒക്ടോബറിനും ഇടയിലുള്ള കാലയളവിൽ സ്മാർട്ട്ഫോൺ വിൽപ്പനയിലൂടെ 14,400 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഇതോടെ, റെക്കോർഡ് മുന്നേറ്റമാണ് സാംസംഗ് ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്.
ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 5ജി ഫോണുകളുടെ വിൽപ്പന ഗണ്യമായി ഉയർന്നിട്ടുണ്ട്. 178 ശതമാനത്തോളമാണ് 5ജി സ്മാർട്ട്ഫോൺ വിൽപ്പന വർദ്ധിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മികച്ച വളർച്ചയാണ് സാംസംഗ് നേടിയിരിക്കുന്നത്.
പ്രധാനമായും ടയർ 2, ടയർ 3 പട്ടണങ്ങളിൽ നിന്നുമാണ് കൂടുതൽ പ്രതികരണം ലഭിച്ചിട്ടുള്ളത്. ഇത്തവണ പ്രീമിയം സെഗ്മെൻറ് ഫോണുകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. പ്രീമിയം സിഗ്മെന്റ് ഫോണുകളുടെ വിറ്റുവരവിൽ 99 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.
കൗണ്ടർ പോയിന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ സെപ്തംബർ വരെയുള്ള പാദത്തിൽ സാംസംഗിന്റെ വിപണി വിഹിതം 18 ശതമാനമാണ്. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിൽപ്പനക്കാരായി സാംസംഗ് മാറിയിട്ടുണ്ട്.