ഉപയോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന സേവനം ഉടൻ നടപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കോൾ വരുമ്പോൾ നമ്പറിനോടൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ട്രായ് അവതരിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള നടപടികൾ ട്രായ് ആരംഭിച്ചിട്ടുണ്ട്.
ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡുകളിലെ വിവരങ്ങൾ അനുസരിച്ചാണ് പേര് ദൃശ്യമാവുക. നിലവിൽ, ഇത്തരത്തിലുള്ള സേവനങ്ങൾക്കായി ഭൂരിഭാഗം ഉപയോക്താക്കളും തേർഡ് പാർട്ടി ആപ്പുകളെയാണ് ആശ്രിക്കാറുള്ളത്. അജ്ഞാത കോളറുടെ ഐഡന്റി തിരിച്ചറിയാനുള്ള ആപ്പാണ് ട്രൂകോളർ.
എന്നാൽ, ഇത്തരത്തിലുള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾക്കും പരിമിതികൾ ഉണ്ട്. ഈ പരിമിതികൾ മറികടന്നാണ് പുതിയ സംവിധാനം നിലവിൽ വരിക. പുതിയ സംവിധാനത്തിലൂടെ കോളറിന്റെ പേര് ഫോണിൽ സേവ് ചെയ്തില്ലെങ്കിലും, പേര് വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്. മുൻപ് ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ട്രായ് നൽകിയിരുന്നു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കൺസൾട്ടേഷൻ പേപ്പർ അടുത്തയാഴ്ച തന്നെ തയ്യാറാക്കാൻ സാധ്യതയുണ്ട്. അതേസമയം, ഫോൺ വഴിയുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ കെവൈസി ഉപയോഗിച്ചുള്ള കോളർ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.