രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളിൽ നിന്ന് തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇത്തവണ മുന്നറിയിപ്പിനോടൊപ്പം ഉപഭോക്താക്കൾ ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ടിപ്സുകളും പങ്കുവെച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം. ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ വിശ്വാസ്യത പരിശോധിക്കാൻ ശ്രമിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. പരിചയമില്ലാത്തതും സംശയം തോന്നുന്നതുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധ്യതയുള്ളതിനാൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പാടില്ല. ആപ്പ് പെർമിഷൻ സെറ്റിംഗ്സ് പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രമേ ആപ്പുകൾ ഡൗൺലോഡ് പാടുള്ളൂ. സംശയകരമായ രീതിയിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ കണ്ടെത്തിയാൽ പോലീസിൽ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.