2022 വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍ ഫുഡ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഡൽഹി: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരായ പ്രവര്‍ത്തനം ആരംഭിച്ച ആമസോണ്‍ ഫുഡ് 2022 വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ആമസോണ്‍ ഇന്ത്യയുടെ ഭക്ഷ്യവിതരണ സേവനമായ ആമസോണ്‍ ഫുഡ് 2020ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഡിസംബര്‍ 29 മുതല്‍ സര്‍വ്വീസുകള്‍ അവസാനിപ്പിക്കുമെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങള്‍ നല്‍കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷാവസാനം നടക്കുന്ന പദ്ധതി ആസൂത്രണ അവലോകത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കമ്പനി കടന്നത്. ഇന്ത്യയിലെ ഇഡ്-ടെക് സേവനവും അവര്‍ അവസാനിപ്പിച്ച ആമസോണ്‍ ഈ മാസം ആദ്യം അവരുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

നിലവിലെ ഉപഭോക്താക്കളെയും പങ്കാളികളെയും കണക്കിലെടുത്തുകൊണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ ബാധിതരായ ജീവനക്കാരെയും പിന്തുണയ്ക്കുന്നതായും ആമസോണ്‍ വക്താവ് വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കാലത്താണ് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്നതിന് വേണ്ടി ആമസോണ്‍ ഫുഡ്, ആമസോണ്‍ അക്കാദമി എന്നിവ ആരംഭിക്കുന്നത്. മെയ് മാസത്തിൽ സേവനം ആരംഭിക്കുമ്പോള്‍ ഭക്ഷ്യവിതരണത്തിനപ്പുറം പലചരക്ക് സാധനങ്ങളും മരുന്നുകളും ആമസോണ്‍ വിതരണം ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ഭക്ഷ്യവിതരണരംഗത്ത് സ്വിഗ്ഗിയും സൊമാറ്റോയും തന്‍റേതായ സ്ഥാനം വിപണിയിൽ നേടിയിരുന്നു. കടുത്ത മത്സരമാണ് ഭക്ഷ്യവിപണിയില്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.

സാമ്പത്തിക കാര്യങ്ങളാല്‍ പതിനായിരത്തോളം ജീവനക്കാര്‍ക്കാണ് ആമസോണില്‍ നിന്നും ജോലി നഷ്ടമായിരിക്കുന്നത്. വലിയൊരു വിഭാഗം ഇന്ത്യക്കാരെയും വിഷയം ബാധിച്ചിട്ടുണ്ട്.

Advertisment