ആമസോണിൽ നിന്നും വിരമിക്കാനൊരുങ്ങി കമ്പനിയുടെ മീഡിയ എക്സിക്യൂട്ടീവായ ജെഫ് ബ്ലാക്ക്ബേൺ. റിപ്പോർട്ടുകൾ പ്രകാരം, 2023- ന്റെ തുടക്കത്തിൽ തന്നെ വിരമിക്കുമെന്നാണ് സൂചന. ആമസോണിന്റെ സീനിയർ വൈസ് പ്രസിഡന്റായും ബ്ലാക്ക്ബേൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998- ലാണ് അദ്ദേഹം ആമസോണിലെ ജോലിയിൽ പ്രവേശിച്ചത്.
ബ്ലാക്ക്ബേൺ കമ്പനിയിൽ നിന്നും പടിയിറങ്ങുന്നതോടെ, മീഡിയ, എന്റർടൈൻമെന്റ് ബിസിനസുകളിലെ നിലവിലെ എക്സിക്യൂട്ടീവുമാരായ മൈക്ക് ഹോപ്കിൻസ്, സ്റ്റീവ് ബൂം എന്നിവരാണ് മേൽനോട്ടം വഹിക്കുക. പ്രധാനമായും പ്രൈം വീഡിയോ, ആമസോൺ സ്റ്റുഡിയോ, മ്യൂസിക്, ഓഡിബിൾ, ഗെയിമുകൾ, ട്വിച്ച് എന്നിവയാണ് ബിസിനസുകളിൽ ഉൾപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് ഭീമനാണ് ആമസോൺ. നിലവിൽ, സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനാൽ ഒട്ടനവധി ജീവനക്കാരെ ആമസോൺ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. ആമസോണിലെ കൂട്ടപ്പിരിച്ചുവിടൽ ഏകദേശം അടുത്ത വർഷം വരെ നീളുമെന്നാണ് സൂചന.