നിയമ ലംഘനം നടത്തിയ ടെലഗ്രാം ഉപയോക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി. റിപ്പോർട്ടുകൾ പ്രകാരം, പകർപ്പാവകാശ നിയമം ലംഘിച്ച കേസിൽ ടെലഗ്രാം ഉപയോക്താക്കൾക്കാണ് ഡൽഹി ഹൈക്കോടതി സമൻസ് അയച്ചത്.
വിവിധ കമ്പനികളുടെ പേയ്ഡ് കണ്ടന്റുകൾ, ട്രേഡ് മാർക്ക് എന്നിവ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയവരുടെ വിവരങ്ങൾ കൈമാറാൻ ഡൽഹി ഹൈക്കോടതി ടെലഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു. ടെലഗ്രാം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്.
പകർപ്പാവകാശ ലംഘനം ആരോപിക്കപ്പെടുന്ന ചാനൽ അഡ്മിന്മാരുടെ പേര്, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവയാണ് ടെലഗ്രാം കൈമാറിയത്. ഉപയോക്താക്കളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ടെലഗ്രാം സൂക്ഷിക്കാറുണ്ട്. ഇവ രഹസ്യമായ വിവരങ്ങളായതിനാൽ സീൽ ചെയ്ത കവറിലാണ് ടെലഗ്രാം കോടതിക്ക് കൈമാറിയത്.
ഏകദേശം 15 കോടിയിലധികം ഉപയോക്താക്കളാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ടെലഗ്രാമിന് ഉള്ളത്. കൂടാതെ, ടെലഗ്രാമിന്റെ പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. നിരവധി തരത്തിലുള്ള പേയ്ഡ് കണ്ടന്റുകൾ ടെലഗ്രാം മുഖാന്തരം പ്രചരിക്കുന്നുണ്ടെന്ന് ഇതിനോടകം നിരവധിയാളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.