അവധി ദിവസങ്ങളിൽ സഹപ്രവർത്തകരെ ശല്യപ്പെടുത്തുന്ന പ്രവണതയ്ക്കെതിരെ കടുത്ത നടപടിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫാന്റസി സ്പോർട്സ് കമ്പനിയായ ഡ്രീം11. റിപ്പോർട്ടുകൾ പ്രകാരം, അവധി ദിവസങ്ങളിൽ സഹപ്രവർത്തകരെ ശല്യപ്പെടുത്തിയാൽ കനത്ത തുകയാണ് പിഴയായി ചുമത്തുക. ‘അൺപ്ലഗ്ഗ്’ (Unplug) എന്ന പേര് നൽകിയിരിക്കുന്ന ഈ നയത്തിൽ ഒരു ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക.
ഡ്രീം11- ൽ അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ എല്ലാവിധ ആശയവിനിമയങ്ങളിൽ നിന്നും ഒഴിവാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ലിങ്ക്ഡിൻ അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇ- മെയിൽ, വാട്സ്ആപ്പ് ഗ്രൂപ്പ് എന്നിവ ഉൾപ്പെടെ എല്ലാവിധ ആശയവിനിമങ്ങളെയും ഇക്കാലയളവിൽ നിയന്ത്രിക്കുന്നതാണ്.
അവധി ദിവസങ്ങളിൽ ജോലി സംബന്ധമായ വിവരങ്ങളെക്കുറിച്ച് പ്രവർത്തകരുമായി ചർച്ച ചെയ്യുമ്പോൾ അവരുടെ മാനസികാവസ്ഥ, ജീവിതനിലവാരം, ഉൽപ്പാദനക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഡ്രീം11 പുതിയ നടപടി സ്വീകരിച്ചത്.