ഓരോ ദിവസം കഴിയുന്തോറും പുത്തൻ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ശ്രദ്ധേയമായ പ്രൊഫൈലുകൾക്ക് വിവിധ നിറത്തിലുള്ള ടിക് മാർക്കുകളാണ് നൽകുക. കൂടാതെ, പ്രൊഫൈൽ ചിത്രങ്ങളുടെ ആകൃതി, വലിപ്പം എന്നിവയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബ്ലൂ ടിക്കിന് പുറമേ, ട്വിറ്ററിൽ പുതുതായി അവതരിപ്പിച്ച ടിക്കുകളെ കുറിച്ച് കൂടുതൽ അറിയാം.
ബ്ലൂ ടിക്ക്
വെരിഫൈഡ് അക്കൗണ്ടുകൾക്ക് സാധാരണയായി ബ്ലൂ ടിക്ക് ആണ് ട്വിറ്റർ നൽകുന്നത്. ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നതിന് മുൻപ് അക്കൗണ്ടിന്റെ ആധികാരികത പരിശോധിച്ചു ഉറപ്പിച്ചതിനുശേഷമാണ് ബ്ലൂ ടിക്ക് നൽകിയിരുന്നത്. എന്നാൽ, പുതിയ അപ്ഡേറ്റിൽ പ്രതിമാസം സബ്സ്ക്രിപ്ഷൻ തുക അടയ്ക്കുന്ന ഏതൊരു വ്യക്തിക്കും അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് ലഭിക്കുന്നതാണ്.
ഗോൾഡൻ ടിക്ക്
ട്വിറ്റർ പുതുതായി അവതരിപ്പിച്ചതാണ് ഗോൾഡൻ ടിക്ക്. ഈ ടിക്ക് ഒഫീഷ്യൽ ബിസിനസ് അക്കൗണ്ടുകൾക്കാണ് നൽകുന്നത്. ഇതോടെ, ബിസിനസ് അക്കൗണ്ടുകളെ പ്രത്യേകം വേർതിരിച്ചറിയാൻ സാധിക്കും. ബിസിനസ് അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ചതുരാകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗ്രേ ടിക്ക്
വിവിധ രാജ്യങ്ങളുടെ തലവന്മാർ, ഔദ്യോഗിക വക്താക്കൾ, നയതന്ത്ര നേതാക്കൾ, സർക്കാർ പ്രൊഫൈലുകൾ, രാജ്യാന്തര സംഘടനകൾ, എംബസികൾ തുടങ്ങിയ ഔദ്യോഗിക വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ട്വിറ്റർ ഗ്രേ ടിക്ക് നൽകുന്നത്.