ഇന്ന് മിക്ക ആളുകളും പ്രയോജനപ്പെടുത്തുന്ന വാട്സ്ആപ്പിലെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസുകൾ. ഒരിക്കലെങ്കിലും സ്റ്റാറ്റസ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ, സ്റ്റാറ്റസുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് മുട്ടൻ പണിയുമായി എത്തുകയാണ് വാട്സ്ആപ്പ്.
ഉപഭോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ, വാട്സ്ആപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ, മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങളോ വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കുമ്പോൾ ‘റിപ്പോർട്ട്’ ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.
വാട്സ്ആപ്പിന്റെ പോളിസികൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡെസ്ക്ടോപ്പ് വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. അധികം വൈകാതെ തന്നെ സ്റ്റാറ്റസുകൾ റിപ്പോർട്ട് ചെയ്യാനുളള അവസരം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും. നിലവിൽ, വ്യാജ മെസേജുകൾ റിപ്പോർട്ട് ചെയ്യാനുളള ഓപ്ഷൻ വാട്സ്ആപ്പിൽ ഉണ്ട്.