ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാൻ നിരവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എന്നാൽ, കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് ഓട്ടോ തൊഴിലാളികളുടെ സംയുക്താഭിമുഖ്യത്തിൽ വികസിപ്പിച്ചെടുത്ത ‘ടുസ്കി’ ആപ്പ്.
ഓട്ടോ തൊഴിലാളികളെ സംഘടിപ്പിച്ച് അവർക്ക് കൃത്യമായ വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടുസ്കി അവതരിപ്പിച്ചത്. അംഗീകൃത മീറ്റർ ചാർജും, സുരക്ഷിത യാത്രയുമാണ് മറ്റുള്ള ആപ്പുകളിൽ നിന്ന് ടുസ്കിയെ വ്യത്യസ്ഥമാക്കുന്നത്.
ടുക്സിയുടെ സേവനം ലഭിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയാൽ പുറപ്പെടേണ്ട സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും നൽകുക. ഈ വിവരങ്ങൾ നൽകുമ്പോൾ തന്നെ ഏറ്റവും അടുത്തുള്ള ഡ്രൈവർമാർക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
ഉടൻ യാത്രക്കാരുടെ അടുത്തേക്ക് ഓട്ടോറിക്ഷ എത്തുകയും ചെയ്യും. മിതമായ നിരക്കുകളാണ് ഡ്രൈവർമാർ ഈടാക്കുക. കൂടാതെ, റോഡിലെ തിരക്ക്, കാലാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ടുസ്കിയിലെ നിരക്കുകളിൽ മാറ്റം വരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ, ടുസ്കിയുടെ സേവനം തിരുവനന്തപുരത്തും തൃശ്ശൂരും മാത്രമാണ് ഉള്ളത്. ഈ രണ്ട് നഗരങ്ങളിൽ നിന്നും ഏകദേശം 4500- ലധികം ഓട്ടോറിക്ഷ ഡ്രൈവർമാർ ടുസ്കിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും മാസങ്ങളിൽ ടുക്സിയുടെ സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.