ഇന്ത്യൻ വിപണിയിൽ കിടിലൻ ഫീച്ചറുകൾ ഉള്ള ബ്ലൂടൂത്ത് സ്പീക്കറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്സ്. ഇത്തവണ ബ്ലൂടൂത്ത് സ്പീക്കറുകളുടെ ശ്രേണിയിലേക്ക് സെബ്- റോക്കറ്റ് 500 എന്ന പേരിലുള്ള പുതിയ മോഡലാണ് അവതരിപ്പിച്ചത്.
ജനപ്രിയ ഡിസി കഥാപാത്രങ്ങളായ ദി ജോക്കർ, ബ്ലാക്ക് ആദം തുടങ്ങിയവയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബ്ലൂടൂത്ത് സ്പീക്കർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് പരിചയപ്പെടാം.
കെട്ടിടത്തിന് അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന സ്പീക്കറാണ് സെബ്- റോക്കറ്റ് 500. ശക്തമായ ഇരട്ട ഡ്രൈവറുകളാണ് സ്പീക്കറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനാൽ, 20 വാട്സ് വോയിസ് ഔട്ട്പുട്ട് വരെ നൽകാൻ സാധിക്കുന്നതാണ്. ഇവയിൽ ഇരട്ട പാസീവ് റേഡിയേറ്ററുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒറ്റ ഫുൾ ചാർജിൽ ഏകദേശം 6 മണിക്കൂർ വരെയാണ് പ്രവർത്തിപ്പിക്കാൻ സാധിക്കുക. ചാർജിംഗിന് ടൈപ്പ്- സി കണക്ടിവിറ്റിയാണ് നൽകിയിരിക്കുന്നത്. കൂടാതെ, എഫ്എം റേഡിയോ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ ആമസോൺ മുഖാന്താരം വിൽപ്പനയ്ക്ക് എത്തുന്ന സെബ്- റോക്കറ്റ് 500 സ്പീക്കറുകളുടെ ഇന്ത്യൻ വിപണി വില 3,199 രൂപയാണ്.