രാജ്യത്ത് ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിയാൻ പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് യുഐഡിഎഐ. ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കുക.
ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ എല്ലാം അറിയുന്നതിനായി 1947 എന്ന ടോൾ ഫ്രീ നമ്പറിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ടോൾ ഫ്രീ നമ്പർ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി യുഐഡിഎഐ സൂചനകൾ നൽകിയിരുന്നു. ടോൾ ഫ്രീ സേവനത്തെക്കുറിച്ച് യുഐഡിഎഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മുഖാന്തരമാണ് വിവരങ്ങൾ പങ്കുവെച്ചത്.
പൊതുജനങ്ങൾക്ക് 1947 എന്ന നമ്പറിലേക്ക് വിളിച്ചോ, എസ്എംഎസ് അയച്ചോ ആധാർ കാർഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ അറിയാൻ സാധിക്കും. ആധാർ എൻറോൾമെന്റ് സ്റ്റാറ്റസ്, പിവിസി കാർഡ് സ്റ്റാറ്റസ്, കംപ്ലയിന്റ് സ്റ്റാറ്റസ്, എൻറോൾമെന്റ് സെന്ററുകൾ തുടങ്ങിയ സേവനങ്ങൾ ലഭിക്കാൻ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഈ ടോൾ ഫ്രീ നമ്പറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.