/sathyam/media/post_attachments/3l9zv202wQryuvCtIhY4.jpg)
അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി ജിയോ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണവുമായാണ് ജിയോ എത്തിയിരിക്കുന്നത്. ജിയോസിനിമ വഴിയാണ് തൽസമയം മത്സരങ്ങൾ കാണാൻ സാധിക്കുക.
ക്രിക്കറ്റ് പ്രേമികൾക്ക് 4കെ റെസലൂഷനിൽ മത്സരങ്ങൾ കാണാൻ സാധിക്കും. റിലയൻസ് ഉയർന്ന റെസലൂഷനിലുള്ള കണ്ടന്റ് ഫ്രീയായാണ് നൽകുന്നത്. ജിയോസിനിമ ഡൗൺലോഡ് ചെയ്യുന്നവർക്ക് അധിക ചെലവില്ലാതെ ഐപിഎൽ മത്സരങ്ങൾ കാണാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
ഇതുവരെ, ഇന്ത്യയിൽ ഐപിഎൽ സ്ട്രീം ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോയും എയർടെലും പോലുള്ള ടെലികോം ഓപ്പറേറ്റർമാർ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്തത്.
മാർച്ച് 31 മുതലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുക. മാർച്ച് 31- ന് ഗുജറാത്ത് ടൈറ്റൻസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. ആപ്പിലൂടെ 12 വ്യത്യസ്ഥ ഭാഷകളിലായി മത്സരം കാണാനുള്ള അവസരം ലഭിക്കും. ഭാഷ മാറ്റിയാൽ കമന്ററി, സ്ഥിതിവിവരക്കണക്കുകൾ, ഗ്രാഫിക്സ് എന്നിവ ഇഷ്ടമുള്ള ഭാഷയിൽ കാണാൻ സാധിക്കും.