മിക്ക സിനിമകളിലും റോബോട്ടുകൾ വില്ലൻമാരാണ്. ശങ്കറിന്റെ യെന്തിരൻ എന്ന സിനിമയിൽ ചിട്ടി റോബോട്ട് സെക്കൻഡുകൾ കൊണ്ട് വലിയ പുസ്തകം വായിക്കുന്നതും പരീക്ഷയെഴുതുന്നതുമൊക്കെ കണ്ട് ചിരിച്ചുതള്ളിയവർ ചാറ്റ്ജി.പി.ടിയുടെ പിറവിയോടെ നിർമിത ബുദ്ധിയെ യഥാർഥ ജീവിതത്തിലും ഭയത്തോടെ കാണാൻ തുടങ്ങി. ഇന്റർനെറ്റിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വിഡിയോ, റോബോട്ടുകളുടെ കഴിവിനെ കുറിച്ചും റോബോട്ടിക് സാങ്കേതി വിദ്യയുടെ അത്ഭുതപ്പെടുത്തുന്ന വളർച്ചയെ കുറിച്ചും വ്യക്തമായ സൂചന നൽകുന്നതാണ്.
യു.കെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പായ എൻജിനീയേർഡ് ആർട്സ് വികസിപ്പിച്ച, ‘അമേക’ എന്ന ഹ്യുമനോയ്ഡ് റോബോട്ട് വിവിധ ഭാഷകൾ സംസാരിച്ചാണ് നെറ്റിസൺസിനെ അമ്പരപ്പിക്കുന്നത്. അമേക വെറുതെ കുറേ ഭാഷകൻ സംസാരിക്കുക മാത്രമല്ല ചെയ്യുന്നത്, അവളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആ വ്യക്തിയുടെ മുഖത്തേക്ക് നോക്കി ചോദ്യങ്ങൾക്ക് അനുസരിച്ചുള്ള ഭാവ വ്യത്യാസങ്ങൾ - അതും മനുഷ്യരെ പോലെ - വരുത്തി ഞെട്ടിക്കുകയാണ്. വിഡിയോ കണ്ടാൽ നമുക്ക് അൽപ്പം ഭയം തോന്നുക തന്നെ ചെയ്യും.
ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ജാപനീസ്, ചൈനീസ് തുടങ്ങിയ ഭാഷകൻ മികച്ച രീതിയിൽ തന്നെ അമേക റോബോട്ട് സംസാരിക്കും. ഈ ഭാഷകൾ പരസ്പരം വിവർത്തനം ചെയ്യുകയും ചെയ്യും. ഇംഗ്ലീഷ് ഭാഷകളിലെ രണ്ട് വ്യത്യസ്ത ആക്സന്റുകളായ ‘അമേരിക്കൻ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ലീഷും പിടിക്കാനും അമേക്കയ്ക്ക് സാധിക്കും. എന്തിന് മനുഷ്യർ പറയുമ്പോൾ നാക്കുളുക്കുന്ന ‘ടങ് ട്വിസ്റ്റർ അതും ജാപനീസ് ഭാഷയിലേത് അമേക എളുപ്പം പറയുന്നതായി വിഡിയോയിൽ കാണാൻ കഴിയും.