രാജ്യത്തെ മൊബൈൽ ഇന്റര്‍നെറ്റ് വേഗം അതിവേഗം കുതിക്കുന്നു

author-image
ടെക് ഡസ്ക്
New Update

രാജ്യത്തെ മൊബൈൽ ഇന്റര്‍നെറ്റ് വേഗം അതിവേഗം കുതിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളിലെ കണക്കുകളിലെല്ലാം ഇത് പ്രകടമാണ്. ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് വലിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണിത്. ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ടിൽ പറയുന്നത്.

publive-image

രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗമാണ് മാർച്ചിൽ ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 70 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതാണ് മറ്റൊരു വലിയ നേട്ടം. മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ 64–ാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ് ഇത്രയും മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ 120–ാം സ്ഥാനത്തായിരുന്നു.

2023 മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 33.30 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 6.89 എംബിപിഎസും ആണ്. അതേസമയം, ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 84–ാം സ്ഥാനത്താണ്. ഇന്ത്യയിലെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 50.71 എംബിപിഎസും അപ്‌ലോഡ് 48.89 എംബിപിഎസുമാണ്. ഊക്‌ലയുടെ 2023 മാർച്ചിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്.

മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 178.25 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 22.84 എംബിപിഎസും ആണ്. ആഗോള ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺ‌ലോഡിങ് വേഗം 41.54 എംബിപിഎസും അപ്‌ലോഡിങ് വേഗം 10.42 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 79.00 എംബിപിഎസും അപ്‌ലോഡ് 34.92 എംബിപിഎസുമാണ്.

Advertisment