ലോകത്തെ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയതും ശക്തിയേറിയതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം കഴിഞ്ഞയാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വലിപ്പമേറിയ റോക്കറ്റ് വിക്ഷേപണം എന്ന കൗതുകത്തിന് പുറമെ, റോക്കറ്റ് ആകാശത്ത് പൊട്ടിത്തെറിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു. ടെക്‌സാസിലെ ബൊക്ക ചിക്കയില്‍ സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തിനായി പ്രത്യേകം ഒരുക്കിയ സ്റ്റാര്‍ബേസ് എന്ന വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
വിക്ഷേപണം മുതല്‍ റോക്കറ്റ് ആകാശത്ത് കത്തിയമരുന്നത് വരെയുള്ള ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ റോക്കറ്റിന്റെ പൊട്ടിത്തെറിക്ക് പുറമെ, വിക്ഷേപണം സ്റ്റാര്‍ബേസിലും അതിന്റെ പരിസരത്തുമുണ്ടാക്കിയ അപ്രതീക്ഷിതമായ ആഘാതമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വലിയൊരു യുദ്ധം കെട്ടടങ്ങിയ പ്രദേശത്തിന് സമാനമാണ് സ്റ്റാര്‍ബേസിലെ വിക്ഷേപണകേന്ദ്രത്തിന്റെയും പരിസരത്തെ ഭൂപ്രദേശത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ.
റോക്കറ്റ് ബൂസ്റ്ററുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴുണ്ടായ അതിശക്തമായ തീയ്യും പുകയും ഊര്‍ജ്ജവും പ്രതിരോധിക്കാനുള്ള ശേഷി സ്റ്റാര്‍ബേസിലെ കെട്ടിടങ്ങള്‍ക്കും വിക്ഷേപണത്തറയ്ക്കും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് പുറത്തുവന്ന ചിത്രങ്ങള്‍. റോക്കറ്റ് കുതിച്ചുയരുമ്പോളുണ്ടായ തീയിലും പുകയിലും സമീപത്തുണ്ടായിരുന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് ഛിന്നഭിന്നമായി ആ പ്രദേശത്തിന് ചുറ്റും തെറിച്ചുവീണു. കോണ്‍ക്രീറ്റ് പാളികള്‍ വീണ് മണ്ണില്‍ ചെറിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.
സമീപത്തുണ്ടായിരുന്ന ഒരു വാഹനത്തിന്റെ ചില്ല് പുകപടലത്തിനൊപ്പം തെറിച്ചുവന്ന വസ്തു പതിച്ച് തകരുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു ബോംബാക്രമണം ഉണ്ടായ അവസ്ഥയാണ് ലോഞ്ച്പാഡിലേത്. 400 അടിയോളം ഉയരമുള്ള റോക്കറ്റിനെ വായുവിലേക്കുയര്‍ത്താന്‍ അത്രയേറെ ശക്തമായ ഊര്‍ജ്ജമാണ് റോക്കറ്റ് പുറം തള്ളിയത്. എങ്കിലും റോക്കറ്റിന്റെ അപകട മേഖലയായി നിശ്ചയിച്ചിരുന്ന പരിധിക്കുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.