സ്വന്തം മരണം അനുഭവിച്ചറിയാം: വെർച്വൽ റിയാലിറ്റിയിലൂടെ അവസരമൊരുക്കി ‘പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്’ ഷോ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

മെല്‍ബണ്‍: സ്വന്തം മരണം അനുഭവിച്ചറിയാൻ അവസരം ഒരുക്കി ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്‌വെല്‍. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വന്തം മരണം അനുഭവിക്കാനുള്ള സാഹചര്യമൊരുക്കുന്നത്. മെഡിക്കൽ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഈ സംവിധാനം വഴി ശരീരത്തിന് ജീവനില്ലാത്ത അവസ്ഥ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്.

മരണം അനുഭവിച്ചറിയാൻ എത്തുന്നവരെ ഒരേ സമയം ധന്യാത്മകവും അസ്വസ്ഥമാക്കുന്നതുമായ അനുഭവങ്ങളിലൂടെയാണ് മെല്‍ബണിലെ നാഷണല്‍ ഗ്യാലറി ഓഫ് വിക്ടോറിയയില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്’ എന്ന ഷോ കടത്തിവിടുന്നത്. ശരീരത്തിൽ നിന്ന് ജീവൻ ഇറങ്ങിപ്പോകുന്ന അനുഭവം വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ.

ഹൃദയസ്തംഭനം മുതൽ മസ്തിഷ്ക മരണം വരെയുള്ള ചില മരണാനുഭവങ്ങളെക്കുറിച്ചുള്ള അനുഭവം സമ്മാനിക്കുകയാണ് ആർട്ടിസ്റ്റിന്റെ ലക്ഷ്യം. കൂടാതെ ഈ സിമ്യൂലേഷനില്‍ ശരീരത്തില്‍ നിന്ന് വെര്‍ച്വലായി പുറത്തെത്താനുമാകും. മുകളിലൂടെ ഒഴുകി നടന്ന് സ്വന്തം മൃതശരീരം പുറത്ത് നിന്നു നോക്കിക്കാണാനുള്ള അവസരവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

മരണത്തെ ആളുകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് സിമ്യുലേഷന്റെ ലക്ഷ്യം. എക്സ്റ്റന്‍ഡഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയമാണ് എക്‌സ്ആര്‍ സാങ്കേതികവിദ്യ. എക്‌സ്ആര്‍ സാങ്കേതികവിദ്യയിലൂടെ കാഴ്ച, കേള്‍വി, സ്പർശനം എന്നീ അനുഭൂതികളെ വേറിട്ട രീതിയില്‍ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്.

പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസിനെത്തുന്നവർ ആശുപത്രിക്കട്ടിലിനെ പോലെയൊരു കിടക്കയിൽ എക്‌സ്ആര്‍ ഹെഡ്‌സെറ്റ് ധരിച്ച് കിടക്കണം. തുടർന്നാണ് ഹൃദയാഘാതത്തിന്റെയും മറ്റും അനുഭവം ഹെഡ്‌സെറ്റ് വഴി ലഭിക്കുന്നത്. മരണത്തിനപ്പുറമുള്ള അനുഭവം ഇതുവഴി അനുഭവിക്കാനാകുമെന്ന് സംഘാടകർ ഉറപ്പ് നൽകുന്നു.

Advertisment