ഫോക്‌സ്‌കോണ്‍ തെലങ്കാനയില്‍ 50 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു

author-image
ടെക് ഡസ്ക്
New Update

ഫോക്‌സ്‌കോണ്‍ തെലങ്കാനയില്‍ 50 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ 25000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് തെലങ്കാന നഗര വികസന മന്ത്രി കെടി രാമറാവു പറഞ്ഞു. ഹൈദരാബാദിനടുത്ത് രംഗറെഡ്ഡി ജില്ലയിലെ കൊങ്കാര്‍ കാലാനിലാണ് ഫോക്‌സ്‌കോണ്‍ പ്ലാന്റ് ആരംഭിക്കുക. തെലങ്കാനയിലെ ആദ്യ ഫോക്‌സ്‌കോണ്‍ പ്ലാന്റാണിത്.

Advertisment

publive-image

പുതിയ പ്ലാന്റിലൂടെ വിപണികളിലേക്ക് ലോകോത്തര ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുമെന്നും ഫോക്‌സ്‌കോണിന്റെ ആഗോള വികസന നയത്തിന്റെ നാഴികക്കല്ലാണിതെന്നും ഫോക്‌സ്‌കോണും തെലങ്കാന സര്‍ക്കാരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍ ആണ് ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കള്‍. ഇവരുടെ പ്രധാന പ്ലാന്റുകളെല്ലാം തന്നെ ഇതുവരെ ചൈനയിലാണ്.

എന്നാല്‍ അടുത്തകാലത്തായി മറ്റ് രാജ്യങ്ങളിലേക്ക് കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ചൈനയിലെ കടുത്ത നിയന്ത്രണങ്ങളും പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങളുമെല്ലാം അതിന് കാരണമായി. ഫോക്‌സ്‌കോണ്‍ ശ്രദ്ധപതിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അടുത്തിടെ ബംഗളുരുവിലും 300 ഏക്കര്‍ ഭൂമി ഫോക്‌സ്‌കോണ്‍ വാങ്ങിയിരുന്നു. ഐഫോണ്‍ നിര്‍മാണ ശാല ആരംഭിക്കുന്നതിന് വേണ്ടിയാണിത്.

തമിഴ്‌നാട്ടില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ മറ്റൊരു നിര്‍മാണ ശാല ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ മിക്കതും ഇവിടെ നിര്‍മിക്കപ്പെട്ടവയാണ്. ആപ്പിളും ഇന്ത്യന്‍ വിപണി പിടിച്ചടക്കാനുള്ള ലക്ഷ്യത്തില്‍ നീങ്ങുകയാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് മേല്‍ക്കൈയുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഐഫോണ്‍ ആന്‍ഡ്രോയിഡിനെ മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Advertisment