കേരളത്തിൽ വീണ്ടും സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് അപകടം. തൃശൂർ സ്വദേശിയായ 76 -കാരന്റെ ഫോൺ പോക്കറ്റിൽ കിടന്ന് കത്തുകയായിരുന്നു. മരോട്ടിച്ചാൽ സ്വദേശിയായ ഏലിയാസാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹം നിസാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവമുണ്ടായത്.
തൃശ്ശൂർ മരോട്ടിച്ചാലിൽ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ഫോൺ പോക്കറ്റിൽ കിടന്ന് കത്തിയത് ( Smartphone Explosion). സംഭവ സമയത്ത് ഏലിയാസ് ഫോൺ ഉപയോഗിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചായക്കടയിൽ ഇരിക്കെ പോക്കറ്റിൽ കിടന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വലിയ ശബ്ദത്തോടെയാണ് ഡിവൈസ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഫോൺ പൊട്ടിത്തെറിച്ച് എലിയാസിന്റെ വസ്ത്രത്തിലേക്കും തീ ആളിപ്പിടിച്ചിരുന്നു. ഇത് പെട്ടെന്ന് കെടുത്താൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കിയെന്ന് പറയാം.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സമാന രീതിയിലുള്ള അപകടങ്ങൾ വർധിക്കുന്നതായാണ് കാണുന്നത്. മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണിത്. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോടുള്ള യുവാവിന് പരുക്കേറ്റതാണ് ആദ്യത്തെ സംഭവം. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് അന്ന് അപകടത്തിൽ പെട്ടത്. ജീൻസിന്റെ പോക്കറ്റിൽ കിടന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ കാര്യമായ പരിക്കുകൾ ഹാരിസിന് സംഭവിച്ചിരുന്നില്ല.
ഏപ്രിലിലാണ് കേരളത്തെ നടുക്കിയ സ്മാർട്ട്ഫോൺ അപകടം ഉണ്ടായത്. തൃശൂരിൽ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം കേരളമാകെ ചർച്ച ചെയ്തു. പട്ടിപ്പറമ്പ് സ്വദേശിയും തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായിരുന്ന ആദിത്യശ്രീയാണ് മരിച്ചത്. കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ട് കൊണ്ടിരിക്കെയായിരുന്നു അപകടം. മൂന്ന് വർഷത്തിലധികം പഴക്കമുള്ള ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ബാറ്ററി അമിതമായി ചൂടായത് അപകട കാരണമായെന്നാണ് കരുതുന്നത്.
ഇതിന് മുമ്പും പല സ്ഥലങ്ങളിൽ നിന്നും ഇതേ രീതിയിലുള്ള അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കാനും തീ പിടിക്കാനും എപ്പോഴും സാധ്യതയുള്ള ഘടകങ്ങളാണ്. ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് പലപ്പോഴും ഈ അപകടങ്ങളിലേക്ക് വഴിതെളിക്കുന്നത്. ബാറ്ററി ഡാമേജുകളാണ് ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ. പഴയ ഫോണുകളുടെ ബാറ്ററി വീർത്ത് വരാറില്ലേ, ഇത് തന്നെയാണ് ബാറ്ററി ഡാമേജിന്റെ ആദ്യ ലക്ഷണം.