വർധിച്ചുവരുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗത്തിന്‍റെ അപകട സാധ്യതകൾ നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ നിർണായകമാണെന്ന് ചാറ്റ്‌ജിപിടി നിർമിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ ഓപ്പൺഎഐയുടെ മേധാവി സാം ആൾട്ട്‌മാൻ പറഞ്ഞു. ഈ സാങ്കേതിക വിദ്യയുടെ വളർച്ച ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം സ്വാധീനം ഉണ്ടാക്കും എന്ന് ജനങ്ങൾക്കുള്ള അത്രതന്നെ ആശങ്ക തങ്ങൾക്കുമുണ്ടെന്ന് സാം വാഷിങ്‌ടണിൽ നടന്ന സെനറ്റ് ഹിയറിംഗിൽ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സിസ്‌റ്റങ്ങൾക്ക് ലൈസൻസ് നൽകുന്ന ഒരു യുഎസ് അല്ലെങ്കിൽ ആഗോള ഏജൻസി രൂപീകരിക്കണം. കൂടാതെ ലൈസൻസ് ലഭിച്ചാൽ പോലും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഏജൻസികൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞ വർഷം ചാറ്റ്‌ജിപിടി പുറത്തിറക്കിയതിന് ശേഷമാണ് സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഓപ്പൺഎഐ ശ്രദ്ധ നേടിയത്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും മനുഷ്യനെ പോലെ ഉത്തരം നൽകുന്ന ഈ സംവിധാനം വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക അധ്യാപകർ പ്രകടമാക്കിയിരുന്നു.
ആയതിനാൽ സാമൂഹിക ആശങ്കകൾ പരിഗണിച്ച് സാം ആൾട്ട്‌മാൻ ഉൾപ്പടെയുള്ള ടെക് സിഇഒമാരെ ഈ മാസം ആദ്യം വൈറ്റ് ഹൗസിലേക്ക് വിളിപ്പിക്കുകയും നിലവിലുള്ള പൗരാവകാശങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ലംഘിക്കുന്ന എഐ ഉത്‌പന്നങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. സെനറ്റ് ഹിയറിംഗിൽ ഡാറ്റാ സ്വകാര്യത കൈകാര്യം ചെയ്യൽ, ദോഷകരമായ തെറ്റായ വിവരങ്ങൾ തടയുന്നതിലുള്ള പരാജയം എന്നീ കാരണങ്ങളിൽ ടെക്, സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവുകൾ കടുത്ത വിമർശനങ്ങൾ നേരിട്ടു.
എഐ സിസ്‌റ്റങ്ങൾ അതാത് കമ്പനികൾ പരിശോധിക്കുകയും അതിന്‍റെ അപകട സാധ്യതകൾ വെളിപ്പെടുത്തുകയും വേണം. കൂടാതെ ഇത്തരം സംവിധാനങ്ങൾ തൊഴിൽ മേഖലയെ എങ്ങനെ അസ്ഥിരപ്പെടുത്തുമെന്നതിൽ ആശങ്കയുണ്ടെന്നും സെനറ്റ് അംഗം സെൻ. റിച്ചാർഡ് ബ്ലൂമെന്‍റൽ പറഞ്ഞു. തെറ്റായ ഒരു എ ഐ സാങ്കേതികത വലിയ നാശത്തിന് കാരണമാകുമെന്ന് മനസിലാക്കിയ ആൾട്ട്‌മാൻ അതു തുറന്ന് പറയുന്നതിന് പകരം കൂടുതൽ സങ്കീർണമായ സാങ്കേതികതകൾ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.
2015 ൽ ഇലോൺ മസ്‌കിന്‍റെ പിന്തുണയോടെ ആൾട്ട്മാൻ സഹസ്ഥാപകനായി ഉയർന്നുവന്ന സ്ഥാപനമാണ് ഓപ്പൺഎഐ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കുറിച്ചുള്ള ആശങ്കകൾ ആദ്യം മുതൽ തന്നെ പങ്കുവച്ചിട്ടുള്ള സ്ഥാപനമെന്നിരിക്കെ നയരൂപീകരണക്കാരുമായും പൊതുജനങ്ങളുമായും സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിക്കുന്നതിനായി ആറ് ഭൂഖണ്ഡങ്ങളിലെ ദേശീയ തലസ്ഥാനങ്ങളിലേക്കും പ്രധാന നഗരങ്ങളിലേക്കും ഈ മാസം ഒരു പര്യടനം നടത്താൻ ആൾട്ട്‌മാൻ പദ്ധതിയിടുന്നുണ്ട്.