നിരവധി വര്‍ഷങ്ങളായി എഐയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായ ജെഫ്രി ഹിന്‍റണ്‍ ഗൂഗിള്‍ വിട്ടു. ഒരു ദശാബ്‌ദത്തോളമായി ഗൂഗിളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം. തന്‍റെ ജീവിതത്തില്‍ വലിയൊരു സമയം എഐയ്‌ക്കായി ചെലവിട്ടെന്നും അതില്‍ ഖേദിക്കുന്നുവെന്നും ജെഫ്രി ഹിന്‍റണ്‍ പറഞ്ഞു.
chatGPT പോലുള്ള ജനപ്രിയ ചാറ്റ് ബോട്ടുകള്‍ രൂപപ്പെടുത്തിയ എഐ സിസ്റ്റങ്ങള്‍ക്ക് അടിത്തറ പാകിയത് ജെഫ്രി ഹിന്‍റണാണ്. 'ഗൂഗിളിനെ വിമര്‍ശിക്കാനല്ല താന്‍ ഗൂഗിള്‍ വിട്ടതെന്നും മറിച്ച് എഐയുടെ അപകടങ്ങളെ കുറിച്ച് സംസാരിക്കാനാണെന്നും' ജെഫ്രി ഹിന്‍റണ്‍ ട്വിറ്ററില്‍ കുറിച്ചു. ഗൂഗിള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍ താന്‍ ഗൂഗിള്‍ വിട്ടത് ഗൂഗിളിനെ വിമര്‍ശിക്കാനാണെന്നുള്ള വിവാദ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. എഐയുടെ അപകട സാധ്യതകളെ കുറിച്ച് ഇനിയെനിക്ക് സ്വതന്ത്രമായി സംസാരിക്കാനാകും. സാങ്കേതിക വിദ്യയുടെ ഭാവി പതിപ്പുകൾ മനുഷ്യർക്ക് അപകടകരമാകുമെന്നതില്‍ ജെഫ്രി ഹിന്‍റണ്‍ ഏറെ ആശങ്കകുലനാണ്.
എഐ ഏറെ ഉപകാരപ്രദവും സഹായകവുമായ ഒന്നാണ് എന്നാല്‍ ജെഫ്രി ഹിന്‍റണിന്‍റെ രാജി എഐയുടെ അപകട സാധ്യതകളെ കുറിച്ച് കൂടുതല്‍ ചൂടേറിയ ചര്‍ച്ചക്ക് വീണ്ടും കാരണമായിരിക്കുകയാണ്. എഐ ഉപകാരപ്രദവും അപകടകാരിയുമാണെന്നും വിശ്വാസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് ഏറെ അപകടകാരിയാണെന്നാണ് ഗോഡ് ഫാദറായ ജെഫ്രി ഹിന്‍റണിന്‍റെ വാദം.
ഗൂഗിളില്‍ ജോലി ചെയ്‌ത് കൊണ്ടിരിക്കെ അതിന്‍റെ അപകട സാധ്യതകളെ കുറിച്ച് സംസാരിക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് ജെഫ്രി ഹിന്‍റണ്‍ ഗൂഗിള്‍ വിട്ടത്. എഐ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ നല്ല മികച്ച രീതിയിലാണ് ഗൂഗിള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം വെല്ലുവിളിയായി എത്തിയ ചാറ്റ് ജിപിടി എല്ലാം തകിടം മറിച്ചുവെന്നും ജെഫ്രി ഹിന്‍റണ്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സമൂഹത്തില്‍ ഏറെ തരംഗമായി മാറിയ ചാറ്റ്ജിപിടിയെ ശക്തിപ്പെടുത്തുന്ന എഐ സിസ്റ്റങ്ങള്‍ക്ക് അടിത്തറ പാകിയത് ജെഫ്രി ഹിന്‍റണ്‍ ആണ്. 2012ല്‍ ഹിന്‍റണും ടൊറന്‍റോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്‍റെ രണ്ട് വിദ്യാര്‍ഥികളും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ന്യൂറല്‍ നെറ്റ്‌വര്‍ക്കാണ് ചാറ്റ് ബോട്ടുകളുടെയെല്ലാം അടിത്തറ. ചാറ്റ് ജിപിടി, ന്യൂ ബിങ്, ബാര്‍ഡ് തുടങ്ങിയ എഐ പവര്‍ ബോട്ടുകളുടെയെല്ലാം അടിത്തറ ജെഫ്രി ഹിന്‍റണ്‍ വികസിപ്പിച്ച ന്യൂറല്‍ നെറ്റ്‌വര്‍ക്ക് തന്നെയാണ്.