റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ വാരമാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് എന്നീ ഡിവൈസുകൾ ഒരുമിച്ചാണ് ലോഞ്ച് ചെയ്തത്. ഇതിൽ റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ വിൽപ്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് റിയൽമി 11 പ്രോയുടെ വിൽപ്പ നടക്കുന്നത്.
റിയൽമി 11 പ്രോ സ്മാർട്ട്ഫോണിൽ ലെതർ സൺറൈസ് ബീജ് ഫിനിഷ്, കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ചിപ്‌സെറ്റ്, വലിയ ബാറ്ററി എന്നിവയുൾപ്പെടെ സവിശേഷതകളുണ്ട്. 200 എംപി ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഫാസ്റ്റ് ചാർജിങ്, ക്യാമറ സെറ്റപ്പ് എന്നിവയുടെ കാര്യത്തിൽ മാത്രമാണ് റിയൽമി 11 പ്രോ, 11 പ്രോ പ്ലസ് എന്നിവ തമ്മിൽ വ്യത്യാസം വരുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിച്ചത്. ഇപ്പോൾ ആകർഷകമായ ഓഫറുകളും റിയൽമി 11 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.
റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയും വിലയുണ്ട്. ഈ ഫോൺ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.ഈ കിഴിവ് ലഭിക്കുന്നതോടെ ഫോൺ 22,499 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. ആസ്ട്രൽ ബ്ലാക്ക്, സൺറൈസ് ബീജ് ഷേഡുകളിലാണ് റിയൽമി 11 പ്രോ ലഭ്യമാകുന്നത്.
റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോൺ 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേയുമായി വരുന്നു. 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. മാലി-G68 ജിപിയുവുമായി വരുന്ന ഈ റിയൽമി സ്മാർട്ട്ഫോൺ ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
രണ്ട് ക്യാമറകളുമായിട്ടാണ് റിയൽമി 11 പ്രോ വരുന്നത്. സ്റ്റെബിലിറ്റിയുള്ള വീഡിയോകൾ എടുക്കാൻ സഹായിക്കുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് ഫോണിൽ റിയൽമി നൽകിയിട്ടുള്ളത്. റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ മൂന്ന് ക്യാമറകളാണുള്ളത്.
റിയൽമി 11 പ്രോ സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫോണിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ പരിഗണിക്കുമ്പോൾ റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നത് തികച്ചും ലാഭകരം തന്നെയാണ്. കൂടുതൽ മികച്ച ക്യാമറ സെറ്റപ്പും വേഗത കൂടിയ ചാർജിങ് സപ്പോർട്ടും വേണ്ടവർക്ക് റിയൽമി 11 പ്രോ പ്ലസ് 5ജി വാങ്ങാം.