ബ്രോഡ്കാസ്റ്റിങ് സംവിധാനം വിപുലമാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഫെബ്രുവരിയില്‍ അവതരിപ്പിച്ചു തുടങ്ങിയ ഈ സംവിധാനം എല്ലാവര്‍ക്കും ലഭ്യമാകുകയാണ്. ബ്രോഡ്കാസ്റ്റ് ചാനലിന്റെ ഭാഗമാകാന്‍ മറ്റ് സ്രഷ്ടാക്കളെയും ,പിന്തുടരുന്നവരെയും ക്ഷണിക്കാനും അഭിപ്രായങ്ങള്‍ അയയ്ക്കാനുമാകും.
ആര്‍ക്കാണ് ബ്രോഡ്കാസ്റ്റിങ് പ്രയോജനപ്പെടുത്താന്‍ സാധിക്കുക?
ക്രിയേറ്റര്‍ വിഭാഗത്തില്‍ പെട്ടിട്ടുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ക്കാണ് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുക. അവര്‍ക്ക് തങ്ങളുടെ ഫോളോവര്‍മാര്‍ക്ക് നേരിട്ട് ഫോട്ടോകളും, വിഡിയോയും, സന്ദേശങ്ങളും ഒക്കെ അയയ്ക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മെച്ചം. വോയിസ് നോട്ടുകളും അയയ്ക്കാം. അഭിപ്രായം ആരായാനുള്ള വോട്ടെടുപ്പു നടത്താം. അതേസമയം, പിന്തുടരുന്നവർക്കു പ്രതികരിക്കാനും, വോട്ടു ചെയ്യാനും മാത്രമായിരിക്കും അവകാശം
എങ്ങനെ പ്രവര്‍ത്തിപ്പിക്കാം?
ഒരു ക്രിയേറ്റര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബ്രോഡ്കാസ്റ്റ് അവകാശം ലഭിച്ചാല്‍ അയാളുടെ ഫോളോവര്‍മാര്‍ക്ക് ഒരു സന്ദേശം ലഭിക്കും. ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടായിരിക്കും മെസെജ്. ഈ സന്ദേശം ഇന്‍സ്റ്റഗ്രാം ഇന്‍ബോക്‌സില്‍ നേരിട്ട് അയയ്ക്കാം. ഫോളോവര്‍മാര്‍ക്ക് പ്രോഗ്രാമുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷന്‍സും ലഭിക്കും.
വേണ്ടെങ്കില്‍ കാണേണ്ട
തങ്ങള്‍ ഫോളോ ചെയ്യുന്ന ബ്രോഡ്കാസ്റ്റ് ചാനലില്‍ നിന്ന് ഇഷ്ടമുള്ളപ്പോള്‍ പുറത്തുവരികയോ, അതില്‍ നിന്നുള്ള കണ്ടെന്റ് കാണുകയോ, കാണാതിരിക്കുകയോ ചെയ്യാം. ഓരോ ബ്രോഡ്കാസ്റ്റ് ചാനലില്‍ നിന്നുമുള്ള നോട്ടിഫിക്കേഷന്‍ വേണ്ടന്നുവയ്ക്കാനും സാധിക്കും. ഇതിനുള്ള ക്രമീകരണം പ്രൊഫൈലില്‍ സെറ്റിങ്‌സില്‍ നടത്താം.
ക്രിയേറ്റര്‍മാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
തങ്ങളുടെ ചാനലില്‍ നിന്ന് ആര്‍ക്കൊക്കെ നോട്ടിഫിക്കേഷന്‍സ് പോകണം എന്ന കാര്യം ക്രിയേറ്റര്‍മാര്‍ക്ക് തീരുമാനിക്കാം.സെറ്റിങ്സിൽ സ്ഥിര സംവിധാനം 'കുറച്ചു പേര്‍ക്ക്' എന്നാണ് കിടക്കുന്നത്. ഇതു മാറ്റി എല്ലാ ഫോളോവര്‍മാര്‍ക്കും എന്നാക്കണമെങ്കില്‍ ആക്കാം. ഒരു ചാനലിനായി സൈന്‍-അപ് ചെയ്യാത്തവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കില്ല.
കൊളാബറേറ്റര്‍ ഫീച്ചറും
ബ്രോഡ്കാസ്റ്റ് ഫീച്ചറിനൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന മറ്റൊരു സൗകര്യമാണ് കൊളാബറേറ്റര്‍ ഫീച്ചര്‍. മറ്റു ക്രിയേറ്റര്‍മാരെയും ക്ഷണിച്ച്, സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമാണ് കൊളാബറേറ്റര്‍ ഫീച്ചര്‍ നല്‍കുന്നത്. മറ്റു ക്രിയേറ്റര്‍മാരെ തന്റെ ഷോയില്‍ പങ്കെടുപ്പിച്ച് സംസാരിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. പോഡ്കാസ്റ്റുകളില്‍ അതിഥികള്‍ എത്തുന്നതിനു സമാനമായി ആയിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇതും ആഗോള തലത്തില്‍ ലഭ്യമായിരിക്കും.
ഓസ്ട്രിയന്‍ ആഢംബര ബ്രാന്‍ഡിന്റെ ടിവിക്ക് 2,33,000 ഡോളര്‍ വില; അവിശ്വസനീയ കാഴ്ച'
അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ഇറങ്ങാന്‍ പോകുന്ന ഒരു ടിവിയുടെ വിശേഷങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങി. സി സീഡ് (C SEED) എന്ന ഓസ്ട്രിയന്‍ കമ്പനിയുടെആഢംബര ബ്രാന്‍ഡ് ആണ് കാഴ്ചയിൽ ഞെട്ടിക്കുന്നത് ഇറക്കാന്‍ പോകുന്ന പുതിയ ടിവി ശാസ്ത്ര സിനിമകളില്‍ നിന്ന് നേരിട്ട് ഇറങ്ങിവന്നതായണോ എന്ന സംശയമുദിച്ചേക്കാം. സി സീഡ് എന്‍1 ഔട്ട്‌ഡോര്‍ ടിവി എന്ന പേരിലുള്ള ടിവി വീട്ടില്‍ വാങ്ങിവച്ചാല്‍ വരുന്നവര്‍ അതു കണ്ട് അമ്പരക്കുമെന്നുറപ്പ്.
മഴ നനയ്ക്കാവുന്ന ടിവി
തങ്ങളുടെ ടിവിയില്‍ അത്യുജ്വല ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാനും കമ്പനി മറന്നിട്ടില്ല. അതിന്റെ 165-ഇഞ്ച് വലിപ്പമുള്ള 4കെ ഡിസ്‌പ്ലേയ്ക്ക് 4000 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഉണ്ട്. ഇത് 180 ഡിഗ്രി തിരിക്കാന്‍ സാധിക്കും. ഈ അള്‍ട്രാ ഹൈ-ഡെഫനിഷന്‍ ടിവിക്ക് എച്ഡിആര്‍10പ്ലസ് സപ്പോര്‍ട്ടും ഉണ്ട്. 16-ബിറ്റ് കളര്‍ പ്രൊസസിങ്, 3,840 ഹെട്‌സ് (അതെ) റിഫ്രെഷ് റെയ്റ്റ്, 7,000:1 കോണ്‍ട്രാസ്റ്റ് റേഷ്യോ തുടങ്ങിയവയും ഉണ്ട്. ഓഡിയോ വിഭാഗത്തിലും അനുപമമായ പ്രകടനം പ്രതീക്ഷിക്കാം. അഞ്ചു മൈക്രോഎല്‍ഇഡി പാനലുകള്‍ യോജിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ അത് മടക്കി വയ്ക്കാം. എന്തിനേറെ ഇത് തുറസായ സ്ഥലങ്ങളില്‍ വച്ചും പ്രവര്‍ത്തിപ്പിക്കാം. മഴ നനഞ്ഞാലും കേടാവില്ല. കമ്പനിയില്‍ നിന്ന് നേരിട്ടു മാത്രമെ ഇതു വാങ്ങാന്‍ ലഭിക്കൂ.
എഐ ചാറ്റ്‌ബോട്ടുകളെക്കുറിച്ച് ജോലിക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി ഗൂഗിള്‍
ചാറ്റ്ജിപിറ്റി, ഗൂഗിള്‍ ബാര്‍ഡ് തുടങ്ങിയ എഐ ചാറ്റ്‌ബോട്ടുകള്‍ ലോകമെമ്പാടും അത്ഭുതം വിതറി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. എന്നാല്‍, എഐ ചാറ്റ്‌ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുന്നോട്ടുവന്ന പ്രധാന കമ്പനികളിലൊന്നായ ഗൂഗിള്‍ സ്വന്തം ജോലിക്കാര്‍ക്ക് ചാറ്റ്‌ബോട്ടുകളുമായി ഇടപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കി കഴിഞ്ഞു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിളിന്റെ രഹസ്യവിവരങ്ങളൊന്നും ചാറ്റ്‌ബോട്ടുകള്‍ക്ക് നല്‍കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കുക എന്നത് കമ്പനി പിന്തുടര്‍ന്നുവന്ന ഒരു നയമാണ് എന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്.
വിവരങ്ങള്‍ റിവ്യൂവര്‍മാര്‍ കണ്ടേക്കാം
ചാറ്റ്‌ബോട്ടുകളുമായി പങ്കുവയ്ക്കുന്ന വിവരങ്ങള്‍ മനുഷ്യരായ റിവ്യൂവര്‍മാര്‍ പരിശോധിക്കാന്‍ ഇടയുണ്ടെന്നും ഗൂഗിള്‍ പറയുന്നു. തങ്ങളുടെ സ്വന്തം ബാര്‍ഡ് സൃഷ്ടിച്ചു തരുന്ന കംപ്യൂട്ടര്‍ കോഡുകള്‍ പോലും നേരിട്ട് ഉപയോഗിക്കരുതെന്നും കമ്പനി ആവശ്യപ്പെട്ടു. വേണ്ടാത്ത കോഡുകള്‍ അവ സൃഷ്ടിച്ചു തന്നേക്കാം എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. അതേസമയം, ഒരു സഹായം എന്ന നിലയില്‍ പ്രോഗ്രാമര്‍മാര്‍ക്ക് ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഗൂഗിളിന്റെ പുതിയ നയം മിക്ക കമ്പനികളും നടപ്പിലാക്കിയേക്കുമെന്നും പറയുന്നു.
ഇനി എഴുത്തു തുടങ്ങാം!
വിന്‍ഡോസ് കംപ്യൂട്ടറകള്‍ ഉപയോഗിക്കുന്നവര്‍ക്ക് താമസിയാതെ ടൈപ്പിങ് നിറുത്തി പകരം എഴുതാം. വിന്‍ഡോസ് 11 പ്രിവ്യു ബില്‍ഡ് 23481 ലാണ് പുതിയ ഫീച്ചര്‍ ഉള്ളത്. ഈ ഫീച്ചര്‍ ഇപ്പോള്‍ ഡവലപ്പര്‍മാര്‍ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍, താമസിയാതെ എല്ലാ യൂസര്‍മാര്‍ക്കും ലഭിച്ചേക്കും. വിന്‍ഡോസ് ഇങ്ക് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്. ഇനി മുതല്‍ ഏതു ഫീല്‍ഡ് ബോക്‌സിലും എഴുതാം. എഴുതുന്ന കാര്യങ്ങള്‍ ടൈപ് ചെയ്താലെന്നവണ്ണം സ്‌ക്രീനില്‍ തെളിയും. ഹാന്‍ഡ് റൈറ്റിങ്-ടു-ടെക്സ്റ്റ് കണ്‍വേര്‍ഷന്‍ ആണ് നടത്തുന്നത്.
പുതിയ സംവിധാനത്തിന്റെ പ്രത്യേകത
ഇത്തരം സംവിധാനം ഉണ്ടായിരുന്നെങ്കിലും അതിന്റെ ഉപയോഗം പരിമിതമായിരുന്നു. ചെറിയ വാചകങ്ങൾ എഴുതാനായിരുന്നു ഇതു പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നത്. വിന്‍ഡോസ് ഇങ്കിന്റെ ആധൂനിക രൂപമാണ് ഇനി എത്താന്‍ പോകുന്നതെന്ന് മൈക്രോസോഫ്റ്റും പറയുന്നു. തുടക്കത്തില്‍ ഇംഗ്ലിഷ് ഭാഷ മാത്രമായിരിക്കും സപ്പോര്‍ട്ട് ചെയ്യുക. പക്ഷെ, താമസിയാതെ മറ്റു ഭാഷകളും സപ്പോര്‍ട്ട് ചെയ്‌തേക്കും. സെറ്റിങ്‌സ്>ബ്ലൂടൂത് ആന്‍ഡ് ഡിവൈസസ്> പെന്‍ ആന്‍ഡ് വിന്‍ഡോസ് ഇങ്ക് അണ്‍ഡര്‍ ഷെല്‍ ഹാന്‍ഡ്‌റൈറ്റിങ് എന്നതിലെത്തിയാണ് പുതിയ ഫീച്ചര്‍ ഉപയോഗിക്കേണ്ടത്.