മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ എടുത്തിട്ടുള്ള കണക്‌ഷനുകൾ അറിയാനും ആവശ്യമില്ലാത്തവ വിച്ഛേദിക്കാനും നഷ്‌ടമായ മൊബൈൽ ഫോണുകൾ കണ്ടെത്താനും 'സഞ്ചാർ സാഥി' പോർട്ടൽ സൗകര്യമൊരുക്കുന്നു. സംസ്ഥാനത്ത് ഈ പോർട്ടൽ ഉപയോഗിച്ച് ആദ്യമായി ഫോൺ കണ്ടെത്തിയത് കോഴിക്കോട് സിറ്റി പൊലീസാണ്.
/sathyam/media/post_attachments/uQisn5zoE6x3Nric3tcW.jpg)
മൊബൈൽ ഫോൺ മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മേയിലാണ് സഞ്ചാർ സാഥി പോർട്ടൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മിഷണർ രാജ്പാൽ മീണ ഫോൺ ഉടമകൾക്കു കൈമാറി. അസി. കമ്മിഷണർമാരായ കെ.ഇ.ബൈജു, എ.ഉമേഷ്, എം.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
നഷ്ടപ്പെട്ട ഫോൺ രാജ്യത്ത് എവിടെയായാലും കണ്ടെത്തി ഉടമയ്ക്ക് നൽകുന്നതാണ് ഈ സംവിധാനം. പൊലീസ് വഴിയാണ് നഷ്ടമായ ഫോൺ ബ്ലോക്കിംഗ് നടപടിക്രമങ്ങൾ ചെയ്യുന്നത്. വ്യക്തികൾക്ക് സ്വന്തമായി ഫോൺ നഷ്ടമായത് സംബന്ധിച്ച് ഓൺലൈനായി അപേക്ഷ നല്കാം. ഫോൺ നഷ്ടമായാൽ ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. പിന്നീട് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുക. തുടർന്ന് www.sancharsaathi.gov.in എന്ന സൈറ്റിൽ 'ബ്ലോക്ക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ' എന്ന ടാബ് ഓപ്പൺ ചെയ്യുക.
നഷ്ടമായ ഫോണിലെ മൊബൈൽ നമ്പറുകൾ, ഐ.എം.ഇ.ഐ നമ്പറുകൾ, പരാതിയുടെ കോപ്പി, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിവരങ്ങൾ, ഐഡി പ്രൂഫ്, ഒ.ടി.പി ഉൾപ്പെടെ നൽകുക. തുടർന്ന് ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക. പൊലീസ് വഴി നിലവിൽ ഇതേ റിക്വസ്റ്റ് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിൽ " റിക്വസ്റ്റ് ഓൾറെഡി എക്സിസ്റ്റ് ഫോർ എന്ന മെസേജ് നൽകിയ നമ്പറിൽ കിട്ടും. ഫോൺ തിരികെ ലഭിച്ചാൽ അൺബ്ലോക്ക് ഫൗണ്ട് മൊബെെൽ എന്ന ഓപ്ഷനിൽ 'ബ്ലോക്കിംഗ് റിക്വസ്റ്റ് ഐഡി' അടക്കം കൊടുക്കുക.