ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് നിരവധി ലോൺ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു. ലോൺ എടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഈ ആപ്പുകൾ ഉപഭോക്താക്കൾക്ക് ഫാസ്റ്റ് ട്രാക്ക് ലോണുകൾ വാഗ്ദാനം ചെയ്ത്, അമിതമായ നിരക്കുകൾ ഈടാക്കുന്നതായി അവകാശപ്പെട്ടുകൊണ്ട് നൂറുകണക്കിന് റിവ്യൂകളാണ് ആപ്പ് സ്റ്റോറിൽ നിറഞ്ഞത്. തുടർന്നാണ് ആപ്പിൾ ആപ്പുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് നീങ്ങിയതെന്നും ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു.
/sathyam/media/post_attachments/T1duRYlbdHuzhJJxC8L4.jpg)
ആപ്പിൾ നീക്കം ചെയ്ത സംശയാസ്പദമായ ആപ്പുകളിൽ ഗോൾഡൻ കാഷ്, ഓകെ റുപ്പി, വൈറ്റ് കാഷ്, പോക്കറ്റ് കാഷ് എന്നിവ ഉൾപ്പെടുന്നു. ഈ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ഉടൻ നീക്കം ചെയ്യണം. ആപ്പിൾ ഡെവലപ്പർ പ്രോഗ്രാം ലൈസൻസ് ഉടമ്പടിയും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിന് ആപ്പുകൾ നീക്കം ചെയ്തതായാണ് ആപ്പിൾ അറിയിച്ചത്. കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കാനായി ലോൺ ആപ്പിന് പിന്നിലുള്ളവർ പലപ്പോഴും ബ്ലാക്ക് മെയിലിങ് തന്ത്രങ്ങൾ പ്രയോഗിക്കുന്നതായി നിരവധി ഉപഭോക്താക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തിൽ ഒരു ലോൺ ആപ്പിൽ നിന്ന് കടം വാങ്ങിയ ഒരാൾ ഇട്ട റിവ്യൂവിൽ പറയുന്നത് - ‘‘പണം തിരിച്ചടക്കുന്നതിന് ഒരു ദിവസം മുമ്പ് കോൺടാക്‌റ്റുകളും ചിത്രങ്ങളും സഹിതം അയാൾക്ക് ഒരു സന്ദേശം ലഭിച്ചു, ലോൺ അടയ്ക്കാത്തതിനെ കുറിച്ച് അവന്റെ/അവളുടെ കോൺടാക്റ്റുകളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി’’യുള്ളതായിരുന്നു സന്ദേശം.
ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമുള്ള ഇത്തരം ലോൺ ആപ്പുകളുടെ ഡെവലപ്പർമാർക്ക് വിചിത്രമായ പേരുകളും സംശയാസ്പദമായ വെബ്‌സൈറ്റുകളുമാണുള്ളത്. മിക്ക ആപ്പുകളുടെയും താഴെ സമാനമായ റിവ്യൂകളാണ് കാണാറുള്ളത്. അത്തരം ആപ്പുകളിൽ നിന്ന് ലോൺ എടുത്തവർ, പിന്നീട് നേരിടേണ്ടി വരുന്നത് കൂടുതൽ ഭയാനകമായ ഭീഷണികളാണെന്നാണ് റിപ്പോർട്ടുകൾ.