വ്യാജ വാർത്തകൾ, വിദ്വേഷ പോസ്റ്റുകൾ എന്നിവ പ്രചരിപ്പിച്ച അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ 26 ലക്ഷം അക്കൗണ്ടുകളാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരോധിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ 2021 ൽ ഐടി നിയമങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തിയിരുന്നു. ഈ ഭേദഗതികൾക്ക് അനുസരിച്ച് ഇത്തവണ കർശന നിലപാടാണ് വാട്സ്ആപ്പ് സ്വീകരിച്ചിരിക്കുന്നത്.
സെപ്തംബറിൽ വാട്സ്ആപ്പ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്തൃ പരാതികളുടെയും വാട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇതിനെതിരെയുള്ള പ്രതിരോധ നടപടികളും വാട്സ്ആപ്പ് വ്യക്തമാക്കി. ഐടി നിയമം 2021 പ്രകാരം, വാട്സ്ആപ്പിന്റെ നടപടികൾ കൂടുതൽ കാര്യക്ഷമമായിട്ടുണ്ട്.
ഒന്നിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് വ്യാജ വാർത്തകൾ ഫോർവേഡ് ചെയ്യുന്ന അക്കൗണ്ടുകളെ പ്രത്യേകം നിരീക്ഷിക്കാനും, അതിനെതിരെ നടപടി സ്വീകരിക്കാനും വാട്സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ 23 ലക്ഷം അക്കൗണ്ടുകൾക്കാണ് വാട്സ്ആപ്പ് പൂട്ടിട്ടത്.