റെയ്-ബാന്‍ സ്റ്റോറീസ് ;കണ്ണടയില്‍ ഫോട്ടോ എടുക്കാനും പാട്ട് കേള്‍ക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി ഫെയ്‌സ്ബുക്ക്,299 ഡോളറാണ് വില

ടെക് ഡസ്ക്
Saturday, September 11, 2021

കണ്ണടയില്‍ ഫോട്ടോ എടുക്കാനും പാട്ട് കേള്‍ക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി ഫെയ്‌സ്ബുക്ക്. പ്രമുഖ കണ്ണട നിര്‍മ്മാതാക്കളായ റെയ്-ബാനുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് കണ്ണട അവതരിപ്പിച്ചിരിക്കുന്നത്. റെയ്-ബാന്‍ സ്റ്റോറീസ് എന്ന പേരിലാണ് കണ്ണട പുറത്തിറക്കിയത്. 299 ഡോളറാണ് കണ്ണടയുടെ വില.

ഇരുവശത്തുമായി രണ്ട് 5 എംപി ക്യാമറകളാണ് കണ്ണടയില്‍ ഘടിപ്പിച്ചിരിക്കുന്നത്. കണ്ണടയുടെ ഫ്രെയിമിലുള്ള ഹാര്‍ഡ്‌വെയര്‍ ബട്ടണോ വോയിസ് കമാന്‍ഡ് ഉപയോഗിച്ചോ ക്യാമറകളെ നിയന്ത്രിക്കാം.നമ്മുടെ കൈയ്യിലുള്ള സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിച്ച്‌ കണ്ണടയെ വയര്‍ലെസ് ഇയര്‍ഫോണാക്കി മാറ്റുവാന്‍ സാധിക്കും. അടുത്ത് പാട്ടിലേക്ക് പോകാനും കേട്ട് പാട്ട് വീണ്ടും കേള്‍ക്കാനും ഇതിലൂടെ സാധിക്കും. പാട്ട് കേള്‍ക്കുക എന്നതിനു പുറമെ കോളുകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനും കണ്ണടയ്‌ക്ക് സാധിക്കും.

എന്നാല്‍ പുതിയ കണ്ണടയ്‌ക്ക് പിന്നിലെ സ്വകാര്യതാ പ്രശനങ്ങള്‍ ഉന്നയിച്ച്‌ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ അറിയാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുവാന്‍ കണ്ണടയ്‌ക്ക് കഴിയുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. ഗൂഗിള്‍ ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രശനം ഒരു പരിധി വരെ ഫെയ്‌സ്ബുക്ക് പരിഹരിച്ചിട്ടുണ്ട്. ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച്‌ ഒരാള്‍ ചിത്രങ്ങളോ, വീഡിയോയോ പകര്‍ത്തിയാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല. പക്ഷേ, റെയ്-ബാന്‍ സ്റ്റോറീസ് ഉപയോഗിച്ച്‌ ഒരു വ്യക്തി ചിത്രങ്ങല്‍ പകര്‍ത്തുവാന്‍ ശ്രമിച്ചാല്‍ കണ്ണടയുടെ മുന്നില്‍ ചെറിയ ലൈറ്റ് തെളിയും.

×