ന്യൂഡൽഹി : അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്. ‘അപ്രൂവ് ന്യൂ പാർട്ടിസിപ്പെന്റ്‌സ്’ എന്ന പേരിലാണ് പുതിയ ഫീച്ചർ. ഗ്രൂപ്പിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫീച്ചർ ഓണാക്കിയാൽ അഡ്മിന്മാരുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഗ്രൂപ്പിൽ അംഗമാകാൻ സാധിക്കൂ.
അതായത് പുതിയ അംഗത്തിന് ഗ്രൂപ്പിൽ അംഗമാകണമെങ്കിൽ ഗ്രൂപ്പ് അഡ്മിൻമാരുടെ അനുമതി വേണമെന്ന് സാരം. ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാകുന്നത് ഇന്ന് പതിവാണ്. എന്നാൽ പുതിയ ഫീച്ചർ ലൈവ് ആയാൽ ഗ്രൂപ്പ് അഡ്മിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.ഇതോടെ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം നിയന്ത്രണപരിധിയിൽ നിർത്താൻ അഡ്മിൻമാർക്ക് സാധിക്കും. ഗ്രൂപ്പിൽ അംഗമാക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന റിക്വിസ്റ്റുകളിൽ ആവശ്യമുള്ളത് മാത്രം അനുവദിക്കാൻ അവസരം നൽകുന്നവിധമാണ് സംവിധാനം ഒരുക്കുന്നത്.
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അടുത്തിടെയായി സേവനം മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിൽ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.