തിരുവനന്തപുരം

മജിസ്‌ട്രേറ്റിന്റെ ഫോൺ റിക്കോർഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; എഎസ്‌ഐക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 15, 2021

തിരുവനന്തപുരം : മജിസ്‌ട്രേറ്റിന്റെ ഫോൺ കോൾ റെക്കോർഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പാറശാല സ്റ്റേഷനിലെ എഎസ്‌ഐ യാക്കോബിനെതിരെ വകുപ്പ് തല അന്വേഷണത്തിനാണ് റൂറൽ എസ്പി ഉത്തരവിട്ടത്.

നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരിയുമായുള്ള ഫോൺ സംഭാഷണമാണ് ഉദ്യോഗസ്ഥൻ പുറത്തുവിട്ടത്. അടിയന്തിരമായ കാര്യത്തിന് ഫോണിൽ വിളിച്ചപ്പോൾ മജിസ്‌ട്രേറ്റ് പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു.

കാണാതായ വ്യക്തിയെ മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കാൻ സമയം ചോദിച്ചാണ് പാറശാല സ്റ്റേഷനിലെ എഎസ്‌ഐ മജിസ്‌ട്രേറ്റിനെ വിളിച്ചത്. എന്നാൽ അനുവദിക്കാതെ വന്നതോടെ തുടർന്നും വിളിക്കുകയായിരുന്നു. തുടർന്നാണ് മജിസ്‌ട്രേറ്റ് പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തിൽ മജിസ്‌ട്രേറ്റിനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.

×