മറഡോണയുടെ സ്വർണശിൽപ്പവും സന്ദേശവുമായി ബോചെ ഖത്തർ ലോകകപ്പിന്

New Update

publive-image

Advertisment

തിരുവനന്തപുരം: മറഡോണയുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ കേരളത്തിന്റെ മണ്ണിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോചെ, മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോൾ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വർണത്തിൽ തീർത്ത ശിൽപ്പവുമായി ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാനായി യാത്ര തിരിക്കുന്നു.

വിദ്യാർത്ഥികൾ, കായികപ്രേമികൾ, പൊതുജനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഈ യാത്രയിൽ പങ്കുചേരും. ബോചെ & മറഡോണ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.

ലഹരിക്കെതിരായി വിദ്യാർത്ഥികളെ അണിനിരത്താൻ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് 'ലഹരിക്കെതിരെ ഫുട്ബോൾ ലഹരി' എന്ന മറഡോണയുടെ സന്ദേശവുമായാണ് ബോചെയുടെ പ്രയാണം.

കൂടാതെ 'ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്ബോൾ കളിക്കും' എന്ന ലക്ഷ്യത്തിനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയിൽ ബോചെ തുടക്കം കുറിക്കും.

നവംബർ 21 ന് തിരുവനന്തപുരത്തെ കാര്യവട്ടം കേരള യൂനിവേഴ്സിറ്റി കോളേജിൽ നിന്ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കിക്കോഫും ഫ്ളാഗ് ഓഫും ചെയ്തുകൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യും.

കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, രമ്യ ഹരിദാസ് എം.പി, കെ. സുരേന്ദ്രൻ (ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്), ചിന്താ ജെറോം (സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ) എന്നിവർ കിക്കോഫ് ചെയ്ത് ഈ ഉദ്യമത്തിൽ പങ്കാളികളാകും.

മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ വഴി മുംബൈയിൽ എത്തും. അവിടെ നിന്ന് വിമാനമാർഗം ഖത്തറിലെത്തും.

ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങൾക്ക് മുന്നിൽ മറഡോണയുടെ ശിൽപ്പം പ്രദർശിപ്പിക്കുകയും തുടർന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശിൽപ്പം കൈമാറുകയും ചെയ്യും.

ഒരിക്കൽ തന്റെ ആത്മസുഹൃത്തായ മറഡോണക്ക് സ്വർണഫുട്ബോൾ സമ്മാനിച്ച അവസരത്തിൽ തന്റെ പ്രശസ്തമായ 'ദൈവത്തിന്റെ കൈ' ഗോളടിക്കുന്ന ഒരു പൂർണകായ പ്രതിമ നിർമ്മിച്ചു നൽകാമോയെന്ന് മറഡോണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ അന്ന് ബോചെ അത് ചെയ്ത് നൽകിയില്ല. ആ കുറ്റബോധം ബോചെക്ക് ഇപ്പോഴുമുണ്ട്. അതിനാലാണ് സ്വർണത്തിൽ തീർത്ത മറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ ശിൽപ്പവുമായി ബോചെ ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാനായി യാത്ര തിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗിച്ചതുകൊണ്ട് തന്റെ ഫുട്ബോൾ ജീവിതവും ആരോഗ്യവും സമ്പത്തും എല്ലാം നശിച്ചെന്നും അതിൽ കുറ്റബോധം ഉണ്ടെന്നും വരും തലമുറ എങ്കിലും ഈ വിപത്തിൽ നശിച്ച് പോകരുതെന്നും മറഡോണ ആഗ്രഹിച്ചിരുന്നു.

ഇതിന്റെ ഭാഗമായി വരും തലമുറയെ ലഹരിമുക്തരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനുള്ള ആഗ്രഹം ബോചെയോട് പ്രകടിപ്പിച്ചിരുന്നു. ബോചെ & മറഡോണ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി 'ലഹരിക്കെതിരെ ഫുട്ബോൾ ലഹരി' എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് '10 കോടി ഗോൾ' അടിച്ചും ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചുകൊണ്ടും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നു.

ഇന്ത്യയിലെ എല്ലാ ഫുട്ബോൾ പ്രേമികളുടെയും പോലെ ബോചെയുടെയും എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് ഇന്ത്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുക എന്നത്. ഇക്കാര്യം മറഡോണയെ അറിയിച്ചപ്പോൾ ബോചെയുടെ ആഗ്രഹം സാധിക്കുന്നതിനായി എഎഫ്എഎഫ്റ്റിഐ (അർജന്റീന ഫുട്ബോൾ അക്കാദമി ഫുട്ബോൾ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്) മായി സഹകരിച്ച് അന്താരാഷ്ട്ര പരിശീലകരുടെ സേവനം ലഭ്യമാക്കാമെന്ന് മറഡോണ ഉറപ്പ് നൽകിയിരുന്നു.

ഇതിന്റെ ഭാഗമായാണ്, മികച്ച ഫുട്ബോൾ കളിക്കാരെ വാർത്തെടുക്കുന്നതിനായി എഎഫ്എഎഫ്റ്റിഐയുടെ സഹകരണത്തോടെയുള്ള പദ്ധതി ബോചെ ആസൂത്രണം ചെയ്യുന്നത്.

പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിൽ 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ബോചെയുടെയും ഫുട്ബോൾ ഇതിഹാസം മറഡോണയുടെയും ശിൽപ്പങ്ങളുണ്ടായിരിക്കും.

ഈ ശിൽപ്പങ്ങൾക്കൊപ്പം സെൽഫിയെടുത്ത് ബോചെയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വർണ ഫുട്ബോൾ സമ്മാനമായി നേടാം.

താൽപര്യമുള്ളവർക്ക് ഈ യാത്രയെ നിങ്ങൾക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളിൽ അനുഗമിക്കാവു ന്നതാണ്. ഇത് നിങ്ങൾക്ക് റീൽസ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം.

ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേൾഡ് കപ്പ് ഫുട്ബോൾ മത്സരം കാണാനുള്ള എൻട്രി പാസും സമ്മാനമായി ലഭിക്കും.

യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ലഭ്യമായിരിക്കും.

Advertisment