Advertisment

ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനം മാർച്ച് 15 മുതൽ

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2023-24 അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ മാർച്ച് 15 മുതൽ ആരംഭിക്കും. 8-ാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് http://www.polyadmission.org/ths എന്ന വെബ്ബ്‌സൈറ്റിലൂടെ മാർച്ച് 15 മുതൽ ഏപ്രിൽ അഞ്ചു വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

യോഗ്യരായ അപേക്ഷകരിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ.

7-ാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും അഭിരുചി പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ 12/04/2023 ബുധനാഴ്ച രാവിലെ 10 മുതൽ 11.30 വരെ അതാത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ വച്ച് നടത്തും.

ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം തന്നെ സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ക്രിയാത്മകത വർദ്ധിപ്പിക്കുന്നതിനും നൂതന സംരംഭങ്ങൾ ആരംഭിക്കുവാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും പ്രാപ്തരാക്കുന്നു.

വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിന് 10% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ടി എച്ച് എസ് എൽ സി സർട്ടിഫിക്കറ്റ് എസ് എസ് എൽ സി യ്ക്ക് തുല്യമാണെന്നതിലുപരി പാസ്സാകുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്‌പെഷ്യലൈസേഷൻ അനുസരിച്ച് വിവിധ ട്രേഡ് സർട്ടിഫിക്കറ്റും നൽകുന്നു. അത് ഭാവിയിൽ ഉദ്യോഗക്കയറ്റത്തിനും തൊഴിലിനുമായി സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്.

ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണ്. വർഷാവർഷം നടക്കുന്ന ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശാസ്ത്ര-സാങ്കേതിക മേളയിൽ അതിനൂതനമായ ആശയങ്ങളോടുകൂടിയ നിരവധി പ്രോജക്ടുകളാണ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുന്നത്. ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം സാങ്കേതിക മേഖലയിലെ ഉപരി പഠനത്തിന് അടിത്തറ പാകുന്നു.

അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്കും http://www.polyadmission.org/ths എന്ന വെബ്ബ് സൈറ്റ് സന്ദർശിക്കണം.

Advertisment