തിരുവനന്തപുരം:മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റിഷോയായ ബിഗ്‌ബോസ് അഞ്ചാം സീസണ്‍ സമാപനത്തിലേക്ക് കടക്കുകയാണ്. ജൂലൈ രണ്ടിനാണ് ഗ്രാന്‍ഡ് ഫിനാലേ. അന്ന് ബിഗ് ബോസ് വിജയിയെ അറിയാനാകും.
ബിഗ് ബോസില്‍ വിവാദങ്ങളുടെ ദിവസങ്ങളാണ് കടന്നു പോകുന്നത്. കഴിഞ്ഞയാഴ്ച വീട്ടില്‍ നടന്ന വീക്ക്‌ലി ടാസ്‌കില്‍ മത്സരാര്‍ഥിയായ അനിയന്‍ മിഥുന്‍ കളവ് പറഞ്ഞതിനെചൊല്ലിയാണ് പുതിയ വിവാദം.
ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ജീവിത ഗ്രാഫായി രേഖപ്പെടുത്തണമെന്നതായിരുന്നു ടാസ്‌ക്. മത്സരാര്‍ത്ഥികള്‍ വലിയ വൈകാരികമായി തന്നെ പ്രതികരിച്ച ടാസ്‌കായിരുന്നു ഇത്.
പലരും തങ്ങളുടെ ജീവിതത്തിലെ ഓരോ ഏടും പറയുമ്പോള്‍ കണ്ണീരണിയുകയായിരുന്നു. അതിനിടെയാണ് വുഷു താരം കൂടിയായ അനിയന്‍ മിഥുന്‍ തന്റെ ജീവിത കഥ പറഞ്ഞത്.
അനിയന്‍ മിഥുന്‍ വുഷു മത്സരാര്‍ത്ഥിയായിരിക്കെ ഒരു വനിതാ കമാന്‍ഡോയെ പ്രണയിച്ചെന്നും അവരെ കാണാന്‍ മിലട്ടറി ക്യാമ്പിലെത്തിയെന്നും അവിടെ പുതിയ തോക്കും ആയുധങ്ങളുമായി കാമുകിയായ കമാന്‍ഡോ സനയെ കണ്ടെന്നുമൊക്കെ മിഥുന്‍ പറഞ്ഞു.
മിലട്ടറി ക്യാമ്പില്‍ പുറത്തുനിന്നൊരാള്‍ക്ക് കയറാനാവില്ലെന്ന സാമാന്യ യുക്തി പോലും ഇല്ലാതെ പലരും മിഥുന്റെ കഥയും കേട്ടു. കമാന്‍ഡോ സന ഒരു ആക്രമണത്തില്‍ വെടിയേറ്റു മരിച്ചെന്നും മിഥുന്‍ പറഞ്ഞിരുന്നു.
എന്നാല്‍ വീക്ക്എന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ വന്ന് മിഥുന്റെ കഥ നുണയെന്ന് വ്യക്തമാക്കി. 15 വര്‍ഷമായി സൈന്യത്തിന്റെ ഭാഗമായ താന്‍ അവതാരകനായ ഷോയില്‍ വാസ്തവിരുദ്ധമായി പറഞ്ഞ മിഥുന്‍ തിരുത്തി മാപ്പ് പറയുന്നോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു.
എന്നാല്‍ തന്റെ വാദത്തിലുറച്ചു നില്‍ക്കുകയായിരുന്നു മിഥുന്‍. എന്നാല്‍ മിഥുന്റെ വാദത്തിനെതിരെ വലിയ വിമര്‍ശനമാണ് പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. മേജര്‍ രവി, ബിജെപി നേതാവ് സന്ദീപ് വാര്യര്‍ എന്നിവടക്കം പരാതിയുമായി എത്തിയിട്ടുണ്ട്.
മിഥുന്‍ ബിഗ്‌ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഉടനെ സൈന്യം ചോദ്യം ചെയ്യണമെന്നും അതല്ല എന്‍ഐഎ തന്നെ ചോദ്യം ചെയ്യണമെന്നും പല പ്രേക്ഷകരും ആവശ്യപ്പെട്ടിട്ടുണ്ട്.