തിരുവനന്തപുരം: മയിൽ കറി വെക്കാൻ പോകുന്നുവെന്ന് പറഞ്ഞുകൊണ്ട് ദുബായിലേക്ക് പോയ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ഉണ്ടാക്കിയത് ചിക്കൻ കറി. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് മയിലിനെ കറിവെക്കാൻ പോകുന്നുവെന്ന് ഫിറോസ് പറഞ്ഞത്.
ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇന്ത്യയുടെ ദേശീയ പക്ഷിയെ ലോകത്ത് എവിടെ ചെന്നാലും ഉപദ്രവിക്കുന്നത് ശരിയല്ല എന്നാണ് ആളുകൾ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് മയിലിനെയല്ല ഇറച്ചിക്കറിയാണ് വെക്കുന്നത് എന്ന് അറിയിച്ചുകൊണ്ട് ഫിറോസ് രംഗത്തെത്തിയത്.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പുതിയ വിഡീയിയോയിലാണ് മയിലിനെ അല്ല കറിവെക്കുന്നത് എന്ന് ഫിറോസ് പറയുന്നത്. കറിവെക്കാൻ മയിലിനെ വാങ്ങിയെന്ന് പറഞ്ഞ് സുഹൃത്തിനോടൊപ്പം എത്തുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അടുപ്പ് കൂട്ടുകയും വെള്ളം വെയ്‌ക്കുകയും ചെയ്തു. നാട്ടിൽ മയിലിനെ തൊടുകയോ പിടിക്കുകയോ ചെയ്താൽ പ്രശ്‌നമാണ്. അതിനാലാണ് ദുബായിൽ വെച്ച് കറി വെക്കുന്നത്. നാട്ടിൽ ഇത് ആരും ചെയ്യരുത് എന്നും നിർദ്ദേശിക്കുന്നുണ്ട്.
തുടർന്നാണ് ഇതിനെ കറിവെക്കാനല്ല മറിച്ച് മറ്റൊരാൾക്ക് കൊടുക്കാനാണ് വാങ്ങിയത് എന്ന് ഫിറോസ് പറയുന്നത്. മയിലിനെ ഒരിക്കലും കറി വെക്കില്ല. അത് ഞങ്ങളുടെ ദേശീയ പക്ഷിയാണ്. ഭക്ഷിക്കാനുള്ള ഒരു ജീവിയല്ല മയിൽ. മയിലിന്റെ ഭംഗി കണ്ടാൽ അങ്ങനെ ആർക്കും ചെയ്യാൻ തോന്നില്ല. കോമഡി കണ്ടന്റ് ക്രിയേറ്റ് ചെയാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്നും ഫിറോസ് പറയുന്നു.
മനുഷ്യനായിട്ടുള്ളവൻ മയിലിനെ കറി വെക്കില്ല. ഏത് രാജ്യത്ത് പോയാലും മയിലിനെ ദ്രോഹിക്കരുത്. അത് അടുത്ത തലമുറയ്‌ക്ക് കൊടുക്കേണ്ട സന്ദേശം കൂടിയാണ്. മയിലിനെ തൊടാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം. ദുബായിലെ ആർക്കെങ്കിലും കൊടുക്കാനാണ് മയിലിനെ വാങ്ങിയത് എന്നും ഫിറോസ് വ്‌ലോഗിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് പാലസിന്റെ മേൽനോട്ടക്കാരനായ നൗഫലിന് ഇതിനെ ഏൽപ്പിക്കുന്നുവെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ ചിക്കൻ കറിവെച്ച് കഴിച്ചാണ് എല്ലാവരും ആഘോഷിക്കുന്നത്. മയിലിനെ കറിവെക്കാൻ പോകുന്നുവെന്ന് പറഞ്ഞത് കോമഡിയായിട്ടാണ്. സംഭവത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണമെന്നും ഫിറോസ് പറഞ്ഞു. ആരോടും വെറുപ്പില്ലെന്നും എല്ലാവരോടും സ്‌നേഹം മാത്രമാണ് ഉള്ളത് എന്നും ഫിറോസ് വ്യക്തമാക്കി.