കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണി; വാഹനങ്ങളും വീടുകളും തകർത്തു

New Update

publive-image

Advertisment

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീടുകളും വാഹനങ്ങളും തകർത്തു. ഉള്ളൂർക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ സംഘം മൂന്ന് വീടുകളും നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും തകർത്തു.

ലഹരി വിൽപ്പനയെ കുറിച്ച് പോലീസിനെ അറിയിച്ചതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിരവധി അടിപിടി കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ് ഹാഷിം. കഞ്ചാവ് വിൽപ്പനയെക്കുറിച്ച് പോലീസിനെ അറിയിക്കുന്നത് പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഇയാൾ ആക്രമണം നടത്തിയത്.

റംലാ ബീവിയുടെ കടയിലെത്തിയ സംഘം ഇവരുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരുടെ മക്കളെ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. റംലയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും ഇയാൾ രക്ഷപെട്ടു.

പിന്നീട് രാത്രി രണ്ട് മണിയോടെ വീണ്ടും മടങ്ങിയെത്തി ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ഇവർ വീണ്ടും രക്ഷപെട്ടു. ഇതേ സംഘത്തിന്റെ നേതൃത്വത്തിൽ മുൻപും അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

പ്രതി ഹാഷിമിനെതിരെ കഞ്ചാവ് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. ഇയാൾ ഉള്ളൂർക്കോണം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നയാളാണെന്നും നാട്ടുകാർ ആരോപിച്ചു.

Advertisment