പി.ടി തോമസ് അടിയുറച്ച നിലപാടിന്റെയും മാന്യമായ പൊതുപ്രവര്‍ത്തനത്തിന്റെയും പ്രതീകം; ഹമീദ് വാണിയമ്പലം

New Update
publive-image
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അടിയുറച്ച നിലപാടിന്‍റെയും മാന്യമായ പൊതുപ്രവര്‍ത്തനത്തിന്റെയും പ്രതീകമായിരുന്നു പി.ടി തോമസ് എം.എൽ.എയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഗാഡ്ഗില്‍ വിഷയത്തില്‍ മത-രാഷ്ട്രീയ ലോബികള്‍ ഒത്തുചേര്‍ന്ന് ഇടുക്കി ജില്ലയെ സംഘര്‍ഷഭരിതമാക്കിയപ്പോള്‍ കേരളത്തിന്‍റെ ഭാവിയും പാരിസ്ഥിതിക സുരക്ഷയും മുന്നില്‍ കണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി അദ്ദേഹം എടുത്ത നിലപാട് മാത്രം മതിയാകും പി.ടിയുടെ രാഷ്ട്രീയ സത്യസന്ധത മനസ്സിലാക്കാന്‍. ഈ നിലപാട് മൂലം അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലോക്സഭാ സീറ്റ് പോലും നിഷേധിക്കപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ നിയമ നടപടികളിലേക്കും നിയമസഭയിലേക്കും എത്തിച്ചത് പി.ടി തോമസാണ്. ഇടുക്കി ജില്ലയിലെ കോര്‍പറേറ്റുകളുടെ ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ ജനങ്ങളോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുണ്ട് അദ്ദേഹം.
കേരളത്തില്‍ മുസ്‍ലിം-ക്രൈസ്തവ സൗഹൃദത്തെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്ന തരത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ നീതിയുടെയും മതതേരത്വത്തിന്‍റെയും പക്ഷത്താണ് അദ്ദേഹം നിന്നത്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ബന്ധുമിത്രാതികളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തിൽ ഞാനും വെല്‍ഫെയര്‍ പാര്‍ട്ടിയും പങ്കുചേരുന്നു.
Advertisment
Advertisment