തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞു കടന്നുപിടിച്ച യുവാവ് പിടിയിൽ. വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്.
ചിതറ സ്വദേശിനിയും സർക്കാര്‍ ഉദ്യോഗസ്ഥയുമായ യുവതി ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് വച്ച് ബൈക്കിലെത്തിയാണ് ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഇയാളിൽ നിന്ന് രക്ഷപെട്ട് പൊലീസിനെ വിവരം അറിയിച്ചു. ശേഷം യാത്ര തുടർന്ന യുവതിയെ വാമനപുരം പാലത്തിനു സമീപംവെച്ചും ആറാംതാനത്തുവെച്ചും വീണ്ടും പ്രതി ആക്രമിക്കുകയും കടന്നുപിടിക്കുകയും ചെയ്തതായി പറയുന്നു.
തുടർന്ന് ഇവർ നിലവിളിക്കുകയും ഇത് കേട്ട് അതുവഴി വരികയായിരുന്ന യുവാക്കളെകണ്ടു അക്രമി രക്ഷപ്പെടുകയുമായിരുന്നു. വീട്ടിൽ എത്തിയ ശേഷം ഭർത്താവിനൊപ്പം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്