തൃശ്ശൂർ: ജില്ലയിലെ കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ യഥാര്‍ത്ഥ ചിത്രം മറച്ചുവെയ്ക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. ഓരോ ദിവസവും നടത്തുന്ന പരിശോധനകളുടെ യഥാര്‍ത്ഥ കണക്കുകൾ പുറത്തുവിടാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറിച്ചുവെയ്ക്കുകയാണ്. ഇത് ജില്ലയിലെ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
ജില്ലയിലെ ഓരോ പ്രദേശത്തേയും കോവിഡ് സത്യസ്ഥിതി ബോധ്യമായാല്‍ മാത്രമാണ് ജനങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാനാവുക. എന്തിന് വേണ്ടിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കോവിഡുമായി ബന്ധപ്പെട്ട വസ്തുതകള്‍ മറച്ചുവെയ്ക്കുന്നത് ?
ജില്ലയിലെ കോവിഡ് പരിശോധനാ സംവിധാനവും പാളിയിരിക്കുകയാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ലഭിക്കുന്നതിന് 4-5 ദിവസം വരെ സമയം എടുക്കുന്നുണ്ട്. യഥാസമയം ഫലം ലഭിക്കാത്തത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. പരിശോധനാഫലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാവണം.
ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ കേസുകളെക്കുറിച്ച് ഒരു വിവരവും പൊതുജനം അറിയുന്നില്ല. ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കണക്കുകൾ പുറത്തുവിടാത്തത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. കോവിഡിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സര്‍ക്കാർ നിര്‍ദ്ദേശം മുതലെടുക്കുന്ന ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ഒമിക്രോണുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം പോലും പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. ഇത് ജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കും. ജനങ്ങളുടെ അലസത കൂട്ടും.
കോവിഡ് സ്വയം പ്രതിരോധത്തില്‍ നിന്നും സ്വയം ശ്രദ്ധ വ്യതിചലിക്കുന്നതിന് ഈ മറച്ചുവെയ്ക്കല്‍ കാരണമാകും. സര്‍ക്കാര്‍ പ്രഖ്യാപിത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തന്നെ ലംഘിക്കുന്ന പ്രവണതയുള്ള സാഹചര്യത്തിൽ ഈ ഒളിച്ചുവെയ്ക്കല്‍ നയം അടിയന്തിരമായി പുന: പരിശോധിക്കണം
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യ അനുഭവപ്പെടുന്നുണ്ട്. ഭയ വിഹ്വലരായ രോഗികൾ ഒരാശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളുമായി യാത്ര ചെയ്ത് അവശരാവുന്നു. സൗകര്യമില്ലാത്തതിനാൽ രോഗികളെ കുഴപ്പമില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് പല ആശുപത്രികളും.